കാസര്‍കോട്: മദ്യലഹരിയില്‍ കിണറില്‍ വീണു. യുവാവ് ഒരുരാത്രി മുഴുവന്‍ കഴിഞ്ഞത് കിണറില്‍. ഒടുവില്‍ യുവാവിന് രക്ഷകരായത് ഫയര്‍ഫോഴ്‌സും. ഉപ്പള മുളിഞ്ചയിലാണ് സംഭവം. പ്രദേശവാസിയായി നന്ദകിഷോറിന്റെ ആള്‍മറയില്ലാത്ത വീട്ടുകിണറിലാണ് മദ്യലഹരിയിലായിരുന്ന കര്‍ണാടക ഹൂബ്ലി സ്വദേശി ഭരത്(24) വീണത്. ഉപ്പളയില്‍ കൂലിപ്പണിക്കായി ടൗണില്‍ റൂമെടുത്ത് താമസിച്ചുവരികയായിരുന്നു യുവാവ്. കഴിഞ്ഞ ദിവസം വൈകീട്ട് മദ്യ ലഹരിയിലായിരുന്ന യുവാവ് അബദ്ധത്തില്‍ കിണറില്‍ വീഴുകയായിരുന്നു. ശനിയാഴ്ച രാവിലെ കിണറില്‍ നിന്ന് ശബ്ദം കേട്ടതോടെയാണ് വീട്ടുകാര്‍ എത്തിനോക്കിയത്. കിണറിലെ പടവില്‍ ഒരുവിധം പറ്റിപ്പിടിച്ചു കിടക്കുകയായിരുന്നു യുവാവ്. വീട്ടുകാര്‍ കിണറ്റിലേക്ക് കയര്‍ ഇറക്കിയിട്ടും ഭരതിന് കയറാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സെത്തി റസ്‌ക്യൂ നെറ്റ് ഉപയോഗിച്ച് യുവാവിനെ പുറത്തെത്തിച്ചു. എങ്ങനെ ഇവിടെയത്തി എന്നു ചോദിച്ചപ്പോള്‍ ഒന്നും ഓര്‍മയില്ലെന്നാണ് ഹിന്ദിയില്‍ മറുപടി പറഞ്ഞതെന്ന് വീട്ടുകാരനായ നന്ദകിഷോര്‍ പറഞ്ഞു. ചെറിയ പരിക്ക് പറ്റിയ യുവാവിനെ വീട്ടുകാര്‍ തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് താമസിക്കുന്ന സ്ഥലത്തേക്ക് മാറ്റി. ഉപ്പള ഫയര്‍ സ്റ്റേഷനിലെ സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ സന്ദീപിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരായ സിനോജ്, പശുപതി, അതുല്‍ രവീന്ദ്രന്‍, സുകേഷ്, ശ്രീജിത്ത്, ശ്രീനിത് എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.