കണ്ണൂര്‍: വ്യാഴാഴ്ച വൈകുന്നേരത്തോടെ വെട്ടേറ്റു മരിച്ച വനിതാ പൊലീസുകാരിയുടെ സംസ്‌ക്കാരം ശനിയാഴ്ച രാവിലെ കൊവ്വല്‍ കൂക്കാനം ജനകീയ ശ്മശാനത്തില്‍ നടക്കും. രാവിലെ 8.30ന് പാലിയേരിക്കൊവ്വല്‍, എ വി സ്മാരക വായനശാലയില്‍ പൊതു ദര്‍ശനത്തിനു വയ്ക്കും. 10 മണിക്കായിരിക്കും സംസ്‌ക്കാരം നടക്കുക.
മാങ്ങാട്ടുപറമ്പ് കെ എ പി നാലാംബറ്റാലയനിലെ സി പി ഒ ആയ പി ദിവ്യശ്രീ (35)യെ ഭര്‍ത്താവ് കെ രാജേഷ് (41)ആണ് വെട്ടിക്കൊലപ്പെടുത്തിയത്. അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടയില്‍ ഗുരുതരമായി വെട്ടേറ്റ ദിവ്യശ്രീയുടെ പിതാവ് കെ വാസു കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഗുരുതര നിലയില്‍ തുടരുകയാണ്. കൊലപാതകത്തിനു ശേഷം സ്ഥലത്തു നിന്നു കടന്നു കളഞ്ഞ രാജേഷിനെ രാത്രി തന്നെ പുതിയ തെരുവില്‍ നിന്നു പൊലീസ് പിടികൂടി.
പ്രണയ വിവാഹമാണ് ഇവരുടേത്. ഈ ബന്ധത്തില്‍ ഏഴാംക്ലാസ് വിദ്യാര്‍ത്ഥിയായ മകനുണ്ട്. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലായിരുന്ന രാജേഷ് പെയിന്റിംഗ് ജോലി ചെയ്തുവരുന്നതിനിടയിലാണ് ദിവ്യശ്രീയുമായി പ്രണയത്തിലായത്. കല്യാണത്തിനു ശേഷം ദിവ്യശ്രീയുടെ വീട്ടുകാര്‍ രാജേഷിനു സ്‌കോര്‍പ്പിയോ കാര്‍ വാങ്ങി കൊടുത്തിരുന്നു. എന്നാല്‍ പ്രസ്തുത വാഹനം ദുരുപയോഗം ചെയ്യുന്നതായി കണ്ട് ദിവ്യശ്രീയുടെ വീട്ടുകാര്‍ തിരിച്ചു വാങ്ങി വിറ്റു. ഇതു രാജേഷിനു ദിവ്യശ്രീയോടുള്ള വിരോധത്തിനു ഇടയാക്കിയതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. ദിവ്യശ്രീയെ കടുത്ത സംശത്തോടെയാണ് രാജേഷ് സമീപിച്ചിരുന്നത്. ഇതു കുടുംബ ബന്ധം താളം തെറ്റുന്നതിനു ഇടയാക്കി. ഒരു കാരണവശാലും ബന്ധം തുടര്‍ന്നു കൊണ്ടുപോകാന്‍ കഴിയില്ലെന്ന സ്ഥിതി വന്നതോടെ ദിവ്യശ്രീ വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ തീരുമാനിക്കുകയും ഒരു മാസം മുമ്പ് കുടുംബ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും ചെയ്തിരുന്നു. വ്യാഴാഴ്ച കേസ് കോടതി പരിഗണിച്ചപ്പോള്‍ ദിവ്യശ്രീ, പിതാവ് വാസുവിനൊപ്പം കോടതിയില്‍ എത്തിയിരുന്നു. രാജേഷും ഹാജരായി. വ്യാഴാഴ്ച രാത്രി എട്ടുമണിക്കുള്ള മലബാര്‍ എക്‌സ്പ്രസില്‍ ശബരിമല ഡ്യൂട്ടിക്ക് പോകേണ്ടതായിരുന്നു ദിവ്യശ്രീ. അതിനു തൊട്ടുമുമ്പാണ് രാജേഷ് വടിവാളുമായെത്തി ക്രൂരമായി കൊലപ്പെടുത്തിയത്.
