കാസര്‍കോട്: നഴ്‌സിംഗ് ട്രെയിനിയെ ഹോസ്റ്റലിലെ കട്ടിലിന്റെ കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ട കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഊര്‍ജ്ജിതമാക്കി. അന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ ആര്‍ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഉടന്‍ കൊല്ലത്തേയ്ക്കു പോകും. ഡിവൈ എസ് പി. പി മധുസൂദനന്‍ നായരുടെ നേതൃത്വത്തിലാണ് അന്വേഷണം.
കുമ്പള, ബന്തിയോട്ടെ ഡി എം ആശുപത്രിയിലെ നഴ്‌സിംഗ് ട്രെയിനിയായ കൊല്ലം, തെന്മല, ഉറുകുന്നിലെ എസ് കെ സ്മൃതി (20)യെ ഇക്കഴിഞ്ഞ ആഗസ്റ്റ് 26ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോസ്റ്റലിലെ കട്ടിലിന്റെ കമ്പിയില്‍ ചൂരിദാര്‍ ഷാളില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. തുടര്‍ച്ചയായി ഫോണ്‍ ചെയ്തിട്ടും എടുക്കാത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ഹോസ്റ്റലില്‍ എത്തിയപ്പോളാണ് സ്മൃതിയെ തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്.
മെയ് മാസത്തിലാണ് സ്മൃതി ആശുപത്രിയില്‍ നഴ്‌സിംഗ് ട്രെയിനിയായി ജോലിക്ക് ചേര്‍ന്നത്.
സ്മൃതിയുടെ മരണത്തില്‍ സംശയം ഉണ്ടെന്ന് വിവരമറിഞ്ഞ് കാസര്‍കോട്ടെത്തിയ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. കഴുത്തു മുറുകിയാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കുമ്പള പൊലീസിന്റെ അന്വേഷണത്തില്‍ ബന്ധുക്കള്‍ അതൃപ്തി പ്രകടിപ്പിച്ചു. വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സ്മൃതിയുടെ കുടുംബം മുഖ്യമന്ത്രിക്കു പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടു കൊണ്ടു ഉത്തരവായത്.
