കാസര്‍കോട്: സംഘം ചേര്‍ന്ന് കള്ള ഒപ്പിടുകയും വ്യാജ രേഖ ഉണ്ടാക്കുകയും ചെയ്ത് വഞ്ചിച്ചുവെന്ന പരാതിയില്‍ മുസ്ലീംലീഗ് നേതാവ് എം സി ഖമറുദ്ദീനും സി പി എം സഹയാത്രികന്‍ സി ഷുക്കൂറിനും മറ്റു മൂന്നു പേര്‍ക്കും എതിരെ ഹൊസ്ദുര്‍ഗ്ഗ് പൊലീസ് രജിസ്റ്റര്‍ ചെയ്ത വഞ്ചനാ കേസ് വിദഗ്ദ്ധ അന്വേഷണത്തിനായി സ്റ്റേറ്റ് ക്രൈംബ്രാഞ്ചിനു വിട്ടു. ഉദുമ, കളനാട് ഹബീബ് റഹ്‌മാന്‍ മന്‍സിലിലെ അബ്ദുല്‍ അസീസിന്റെ പരാതിയില്‍ 782/2024 നമ്പരായി ഹൊസ്ദുര്‍ഗ്ഗ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസാണ് ക്രൈംബ്രാഞ്ചിനു വിട്ടുകൊണ്ട് ഉത്തരവായത്.
ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് പരമ്പരാ കേസിലെ പ്രതിയും മുസ്ലീംലീഗ് മുന്‍ ജില്ലാ പ്രവര്‍ത്തക സമിതി അംഗവുമായ ചന്തേരയിലെ ടി കെ പൂക്കോയ തങ്ങള്‍, ചന്തേര, മാണിയാട്ടെ അച്ചാരപ്പാട്ടില്‍ ഹിഷാം, കണ്ണൂരിലെ സന്ദീപ് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. 2013 ജൂലായ് മാസത്തില്‍ ഒന്നു മുതല്‍ അഞ്ചുവരെയുള്ള പ്രതികള്‍ കുറ്റം ചെയ്യണമെന്നുള്ള ഉദ്ദേശത്തോടെയും കരുതലോടും കൂടി സംഘം ചേര്‍ന്ന് ചതിച്ചുവെന്നാണ് കേസ്.