കണ്ണൂർ: കരിവെള്ളൂരിൽ പൊലീസുകാരിയെ ഭർത്താവ് വെട്ടിക്കൊന്നു. കാസർകോട് ചന്തേര സ്റ്റേഷനിലെ സീനിയർ സിവിൽ പെ പൊലീസ് ഓഫീസറും കരിവെള്ളൂർ പലിയേരി സ്വദേശിനിയുമായ ദിവ്യശ്രീയാണ് കൊല്ലപ്പെട്ടത്. ദിവ്യശ്രീയുടെ പിതാവ് വാസുവിന് കഴുത്തിനും വയറിനും വെട്ടേറ്റു. ഭർത്താവ് രാജേഷിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. രാജേഷും ദിവ്യശ്രീയും അകന്നു കഴിയുകയായിരുന്നു. വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെ ദിവ്യശ്രീയുടെ വീട്ടിലെത്തിയ രാജേഷ് സ്വന്തം ദേഹത്ത് പെട്രോൾ ഒഴിച്ചു ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. പിന്നീട്
വാക്കത്തി കൊണ്ട് ദിവ്യശ്രീയെ വെട്ടിപ്പരിക്കേൽപ്പിച്ചു. ഓടിരക്ഷപ്പെടാൻ ശ്രമിച്ച ദിവ്യശ്രീയെ പിന്തുടർന്ന് വെട്ടി. മുഖത്തും കഴുത്തിനും ഗുരുതരമായി പരുക്കേറ്റ ദിവ്യശ്രീയെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തടയാൻ ശ്രമിച്ച പിതാവിനും വെട്ടേറ്റിട്ടുണ്ട്. ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ രാജേഷ് ഓടിരക്ഷപ്പെടുകയായിരുന്നു. ഗുരുതര പരിക്കുകളോടെ പിതാവ് വാസുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മൃതദേഹം പരിയാരം കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പയ്യന്നൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
