കാസര്‍കോട്: നാട്ടുകാര്‍ ക്ഷുഭിതരാവുകയും പഞ്ചായത്ത് അധികൃതരും പത്രപ്രവര്‍ത്തകരും പ്രശ്‌നത്തില്‍ ഇടപെടുകയും ചെയ്തപ്പോള്‍ ഡോക്ടര്‍ അയഞ്ഞു. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ വാഹനം ഇടിച്ചു കാലൊടിഞ്ഞ് കുമ്പള ഭാസ്‌കര നഗറിനടുത്തു എഴുന്നേല്‍ക്കാനാവാതെ റോഡില്‍ വീണു കിടക്കുന്ന പശുവിനു ശുശ്രൂഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ വാഹനവുമായി കുമ്പള മൃഗാശുപത്രിയില്‍ എത്തിയപ്പോള്‍ ‘തന്റെ ഡ്യൂട്ടി കഴിഞ്ഞു’ എന്നായിരുന്നു ഡോക്ടറുടെ മറുപടി എന്ന് നാട്ടുകാര്‍ പറഞ്ഞു. ഏത് സര്‍ക്കാര്‍ ആണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മൂന്നുമണിവരെ ഡ്യൂട്ടിസമയം ഏര്‍പ്പെടുത്തിയതെന്നു ചോദിച്ചപ്പോള്‍ ഡോക്ടര്‍ ദേഷ്യപ്പെട്ടുവത്രേ. ഇപ്പോള്‍ പൊലീസിനെ വിളിക്കുമെന്നും പൊലീസ് എല്ലാവരെയും പൊക്കി കൊണ്ടുപോവുമെന്നും താക്കീത് ചെയ്ത ഡോക്ടര്‍, വേണമെങ്കില്‍ പശുവിനെ ലോറിയില്‍ കയറ്റി കാസര്‍കോട് മൃഗാശുപത്രിയിലെത്തിക്കാന്‍ നിര്‍ദേശിച്ചു. ഗത്യന്തരമില്ലാതായതോടെ ഡോക്ടറെ കൂട്ടാന്‍ എത്തിയവര്‍ തങ്ങള്‍ അകപ്പെട്ട വിഷമ വൃത്തത്തെ കുറിച്ച് പത്രക്കാരോട് പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റിനെയും വിവരമറിയിച്ചു. ഒടുവില്‍ നീര്‍ച്ചാല്‍ മൃഗ ഡോക്ടര്‍ പരിശോധിക്കാമെന്ന് സമ്മതിച്ചുവത്രേ. ഇതിനിടയില്‍ പത്രപ്രവര്‍ത്തകര്‍ സംഭവം സ്ഥിരീകരിക്കാന്‍ ഡോക്ടറെ വിളിച്ചുവെന്നും അല്‍പം കഴിഞ്ഞ് ഡോക്ടര്‍ ഭാസ്‌കര നഗറിലെത്തി പരിശോധിച്ചുവെന്നും പൊതുപ്രവര്‍ത്തകര്‍ പറയുന്നു. പശുവായാലും മനുഷ്യനായാലും ഒരു ജീവനോയുള്ളൂവെന്ന് നാട്ടുകാര്‍ അനുസ്മരിച്ചു. അതേസമയം പശുക്കളെയും മറ്റു നാല്‍ക്കാലികളെയും റോഡില്‍ കയറൂരി വിട്ടു വളര്‍ത്തുന്ന നല്ലൊരു വിഭാഗം കന്നുകാലി കര്‍ഷകരുണ്ടെന്നും പരാതിയുണ്ട്. പശുവിന് എന്തു സംഭവിച്ചാലും അവര്‍ക്കൊന്നുമില്ല. നാട്ടുകാര്‍ വേണമെങ്കില്‍ ‘ചെയ്‌തോ’ എന്നാണ് അത്തരക്കാരുടെ നിലപാടെന്നു നാട്ടുകാര്‍ പറയുന്നു.