കണ്ണൂർ: കരിവെള്ളൂർ പലിയേരിയിൽ സിവിൽ പൊലീസ് ഉദ്യോഗസ്ഥയെ വെട്ടി കൊലപ്പെടുത്തിയ പ്രതിയെ കണ്ണൂർ പുതിയ തെരുവിലെ ബാറിൽ വച്ച് പൊലീസ് പിടികൂടി. കരിവെള്ളൂർ സ്വദേശി രാജേഷ് ആണ് വളപട്ടണം പൊലീസിന്റെ പിടിയിലായത്. വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെയാണ് ഭാര്യയായ പൊലീസ് ഉദ്യോഗസ്ഥ ദിവ്യശ്രീയെ രാജേഷ് വെട്ടിക്കൊലപ്പെടുത്തിയത്. മദ്യലഹരിയിൽ എത്തിയ രാജേഷ് ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. കയ്യിൽ കരുതിയ വാക്കത്തി ഉപയോഗിച്ച് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു. തടയാൻ ചെന്ന ഭാര്യാ പിതാവ് വാസുവിനെയും വെട്ടിപ്പരിക്കേൽപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ദിവ്യശ്രീയെ പയ്യന്നൂരിലെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണപ്പെട്ടു. ദിവ്യശ്രീയുടെ പിതാവ് വാസുവിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാസങ്ങളായി രാജേഷും ദിവ്യശ്രീയും അകന്നു കഴിയുകയായിരുന്നു. ദിവ്യശ്രീയുടെ മൃതദേഹം പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പയ്യന്നൂർ പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
