കാസർകോട്: നീലേശ്വരത്തെ മുതിർന്ന കോൺഗ്രസ് നേതാവും പി.കെ.മെഷീൻ ടൂൾസ് ഉടമയുമായ കരുവാച്ചേരിയിലെ പി.കുഞ്ഞിക്കണ്ണൻ (85) അന്തരിച്ചു. കെഎസ്‌യു, യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന നിർവാഹക സമിതി അംഗവുമായിരുന്നു. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10.30 ന് കോട്ടപ്പുറത്തെ സമുദായ ശ്മശാനത്തിൽ. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനൊപ്പം കെഎസ് യു സംസ്ഥാന എക്‌സിക്യൂട്ടീവിലെ 11 അംഗങ്ങളിൽ ഒരാളായി പ്രവർത്തിച്ചു. വിദ്യാർഥി രാഷ്ട്രീയത്തിലും യൂത്ത് കോൺഗ്രസിലും വയലാർ രവി, എ.കെ.ആന്റണി, ഉമ്മൻചാണ്ടി, വി.എം.സുധീരൻ തുടങ്ങി മുതിർന്ന നേതാക്കൾക്ക് ഒപ്പം പ്രവർത്തിച്ച വ്യക്തിത്വമാണ്. നീലേശ്വരം സർവീസ് സഹകരണ ബാങ്ക് ഡയറക്ടറും ആയിരുന്നു. നിര്യാണത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി രാമചന്ദ്രൻ.കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, മുൻ മുഖ്യമന്ത്രി എ.കെ.ആന്റണി, മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻ സ്പീക്കർ വി.എം.സുധീരൻ തുടങ്ങിയ നേതാക്കൾ അനുശോചിച്ചു. ഭാര്യ: ചിത്രവല്ലി (റിട്ട.അധ്യാപിക, ബേക്കൽ ജിഎഫ്എച്ച്എസ്). മക്കൾ: ശോഭിത് കണ്ണൻ (ദുബായ്), ശ്രുതി രാജ് (മുംബൈ). മരുമക്കൾ: റജില (തളിപ്പറമ്പ്), ജിജുരാജ് കോഴിക്കോട് (മുംബൈ). സഹോദരങ്ങൾ: രമേശൻ കരുവാച്ചേരി (കോൺഗ്രസ് സേവാദൾ സംസ്ഥാന പ്രസിഡന്റ്), ജാനകി, ഭവാനി, വിലാസിനി, പരേതരായ തങ്കം, മാധവി, ലക്ഷ്മി, പി.രാമചന്ദ്രൻ.