കാസര്‍കോട്: കൂടുതല്‍ സ്വര്‍ണ്ണവും പണവും ആവശ്യപ്പെട്ട് ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും ഷാള്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്താന്‍ ശ്രമിച്ചതായും പരാതി. യുവതിയുടെ പരാതി പ്രകാരം ഭര്‍ത്താവിനും മറ്റു മൂന്നു പേര്‍ക്കുമെതിരെ ബദിയഡുക്ക പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുംബഡാജെ, കുമ്പംകണ്ടം ഹൗസിലെ ഇബ്രാഹിമിന്റെ മകള്‍ സാജിത(24)യുടെ പരാതി പ്രകാരം ഭര്‍ത്താവ് ബാഡൂര്‍, പെര്‍മുദെയിലെ കലന്തര്‍ഷാഫിക്കും മറ്റു മൂന്നു പേര്‍ക്കും എതിരെയാണ് നരഹത്യാശ്രമത്തിനു കേസെടുത്തത്.
2019 ഡിസംബര്‍ 13നാണ് സാജിതയും കലന്തര്‍ ഷാഫിയും മതാചാരപ്രകാരം വിവാഹിതരായത്. പിന്നീട് കൂടുതല്‍ സ്വര്‍ണ്ണവും പണവും ആവശ്യപ്പെട്ട് ഭര്‍തൃവീട്ടില്‍ പീഡനം ആരംഭിച്ചതായി സാജിത നല്‍കിയ പരാതിയില്‍ പറയുന്നു.
നവംബര്‍ 16ന് നീര്‍ച്ചാല്‍ ഗ്രാമത്തിലെ മുഗുറോഡിലുള്ള വാടകവീട്ടില്‍ വച്ചു ഭര്‍ത്താവിന്റെ അവിഹിതത്തെ ചോദ്യം ചെയ്തുവെന്നും ഈ സമയത്ത് അടിവയറ്റില്‍ ചവിട്ടി വീഴ്ത്തുകയും കഴുത്തിലും പള്ളയിലും അമര്‍ത്തി പരിക്കേല്‍പ്പിച്ചതായും പരാതിയില്‍ പറയുന്നു. 17ന് വൈകുന്നേരം അഞ്ചു മണിയോടെ പരാതിക്കാരിയെ രണ്ടും മൂന്നും പ്രതികള്‍ കൈകൊണ്ടു അടിക്കുകയും ഭര്‍ത്താവ് ഷാളെടുത്ത് കഴുത്തില്‍ മുറുക്കി കൊല്ലാന്‍ ശ്രമിച്ചുവെന്നും കേസില്‍ പറയുന്നു.