കാസര്‍കോട്: പിലിക്കോട് പഞ്ചായത്തിലെ മാങ്കടവത്ത് കൊവ്വലിലും പടന്നയിലും പുലിയെ കണ്ടതായി നാട്ടുകാര്‍. വിവരത്തെ തുടര്‍ന്ന് വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി. ചൊവ്വാഴ്ച പുലര്‍ച്ചെ 4 മണിക്ക് പടന്ന റഹ്‌മാനിയ്യ മദ്രസ ജംഗ്ഷനില്‍ വെച്ച് പുലിയെ കണ്ടതായി യുവാക്കാള്‍ പറയുന്നു. പഴയ മദ്രസ സ്ഥിതി ചെയ്ത കെട്ടിടത്തിന് സമീപത്താണ് പുലിയെ കണ്ടതെന്ന് വിമാനത്താവളത്തില്‍ നിന്ന് തിരിച്ചുവരികയായിരുന്ന യുവാക്കള്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് പൊലീസും നാട്ടുകാരും വ്യാപകമായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് എല്ലാവരും തിരിച്ചുപോയിരുന്നു. പിന്നീട് പരിസരത്തുള്ള വി.പി അസീസ് എന്ന ആളുടെ വീട്ടിലെ സിസിടിവി ക്യാമറ പരിശോധിച്ചപ്പോള്‍ പുലര്‍ച്ചെ 4.15 ന് പുലി കടന്നു പോകുന്നതും കാട്ടിലേക്ക് മറയുന്നതും ദൃശ്യമായി. ഇതേ തുടര്‍ന്ന് വനം വകുപ്പ് അധികൃതരും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. അതിനിടെ പിലിക്കോട് പഞ്ചായത്തിലെ 15-ാം വാര്‍ഡായ മാങ്കടവത്ത് കൊവ്വലിലും രാവിലെ പുലിയെ കണ്ടതായി വിവരമുണ്ട്. തൊഴിലുറപ്പിന് പോയ തൊഴിലാളികളാണ് പുലിയെ കണ്ടത്. അതേസമയം പുലിയുടെ കാല്‍പ്പാടുകളോ മറ്റോ സ്ഥലത്ത് കണ്ടെത്താനായില്ല. ഭീമനടി ഫോറസ്റ്റ് സെക്ഷന്‍ ഓഫീസര്‍ ലക്ഷ്മണന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. കാസര്‍കോട് നിന്ന് റാപ്പിഡ് റസ്‌പോണ്‍സ് ടീമും സ്ഥലത്തെത്തും.
