കാസര്‍കോട്: സിപിഎം കാസര്‍കോട് ഏരിയാ സമ്മേളന നഗരിയില്‍ ഉയര്‍ത്താന്‍ തയ്യാറാക്കി വച്ചിരുന്ന കൊടിമരം മോഷണം പോയതായി പരാതി. കൂഡ്‌ലു സുരേന്ദ്രന്‍ സ്മൃതി മണ്ഡപത്തിനു സൂക്ഷിച്ചിരുന്ന കൂറ്റന്‍ കൊടിമരമാണ് മോഷണം പോയത്. തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിക്കു ശേഷമാണ് മോഷണം നടന്നതെന്നു സംശയിക്കുന്നു. അവസാന മിനുക്കു പണികള്‍ പൂര്‍ത്തിയാക്കിയ ശേഷം താര്‍പോള കൊണ്ട് പൊതിഞ്ഞു വച്ചാണ് പ്രവര്‍ത്തകര്‍ സ്ഥലത്തു നിന്നു പോയത്.
മോഷണം സംബന്ധിച്ച് സിപിഎം ഏരിയാ സെക്രട്ടറി കെ.എ മുഹമ്മദ് ഹനീഫ് കാസര്‍കോട് ടൗണ്‍ പൊലീസില്‍ പരാതി നല്‍കി. ഡിവൈ.എസ്.പി സി.കെ സുനില്‍ കുമാര്‍, ഇന്‍സ്‌പെക്ടര്‍ പി. നളിനാക്ഷന്‍ എന്നിവരുടെ നേതൃത്വത്തിലെത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചു. പൊലീസ് നായയെ സ്ഥലത്തെത്തിച്ചും പരിശോധന നടത്തി.
പാര്‍ട്ടി കോണ്‍ഗ്രസിന്റെ ചരിത്രം രേഖപ്പെടുത്തിയിട്ടുള്ള കൊടിമരം പ്രതിനിധി സമ്മേളന നഗരിയായ അണങ്കൂരില്‍ ഉയര്‍ത്തേണ്ടതായിരുന്നു. വിവിധ സ്ഥലങ്ങളില്‍ നിന്നും കൊണ്ടു വരുന്ന കൊടി-കൊടിമര ജാഥകള്‍ തിങ്കളാഴ്ച വൈകുന്നേരം വിദ്യാനഗര്‍, ബി.സി റോഡില്‍ സംഗമിച്ച് സമ്മേളന നഗരിയിലേക്ക് കൊണ്ടു പോകാനാണ് സ്വാഗതസംഘം തീരുമാനിച്ചിരുന്നത്.
