മംഗ്‌ളൂരു: എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനികളായ മൂന്നു പേര്‍ മുങ്ങിമരിച്ച സംഭത്തില്‍ ഉള്ളാളിലെ റിസോര്‍ട്ട് ഉടമ അറസ്റ്റില്‍. ഉള്ളാള്‍, സോമേശ്വര, വാസ്‌കോ ബീച്ച് റിസോര്‍ട്ട് ഉടമ മനോഹര്‍ ആണ് ഉള്ളാള്‍ പൊലീസിന്റെ പിടിയിലായത്. റിസോര്‍ട്ടിന്റെ ട്രേഡ്‌ലൈസന്‍സും ടൂറിസം പെര്‍മിറ്റും സസ്‌പെന്റ് ചെയ്തു. റിസോര്‍ട്ട് സീലും ചെയ്തു.
അവസാന വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനികളായ മൈസൂരിലെ എം.ഡി നിഷിത (21), എ.എസ് പാര്‍വ്വതി (20), എന്‍. കീര്‍ത്തന (21) എന്നിവരാണ് മരിച്ചത്.
വാരാന്ത്യ അവധിക്ക് മംഗ്‌ളൂരുവില്‍ എത്തിയതായിരുന്നു വിദ്യാര്‍ത്ഥിനികള്‍. ബീച്ചിനടുത്തുള്ള റിസോര്‍ട്ടിലെ മുറിയെടുത്ത ശേഷം ഞായറാഴ്ച രാവിലെ 10ന് നീന്തല്‍ കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു മൂന്നു പേരും. ഒരാള്‍ കുളത്തിന്റെ ആറടിത്താഴ്ചയുള്ള ഭാഗത്ത് അപകടത്തില്‍പെട്ടപ്പോള്‍ മറ്റു രണ്ടു പേര്‍ രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടയിലാണ് മൂന്നു പേരും അപകടത്തില്‍പ്പെട്ടത്. നീന്തല്‍ അറിയാത്തവരാണ് അപകടത്തില്‍പെട്ടതെന്നു പൊലീസ് പറഞ്ഞു. ഐ ഫോണ്‍ വസ്ത്രങ്ങള്‍ക്കിടയില്‍ സെറ്റ് ചെയ്തു വച്ച ശേഷമാണ് മൂവരും നീന്തല്‍ കുളത്തില്‍ ഇറങ്ങിയത്. വിദ്യാര്‍ത്ഥിനികള്‍ മുങ്ങിത്താഴുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയിലും പതിഞ്ഞിട്ടുണ്ട്.