കണ്ണൂര്‍: സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട ഭര്‍തൃമതിയായ 19കാരിയുടെ നഗ്നദൃശ്യം തന്ത്രപൂര്‍വ്വം കൈക്കലാക്കുകയും ഭീഷണിപ്പെടുത്തി നിരന്തരം ബലാത്സംഗം ചെയ്യുകയും ചെയ്ത വിരുതന്‍ അറസ്റ്റില്‍. പശ്ചിമബംഗാള്‍, ബര്‍ദ്ധാന്‍, ചാതിനിയിലെ ഹാപ്പിജുള്‍ ഷെയ്ഖി(20)നെയാണ് കൂത്തുപറമ്പ് എ.സി.പിയുടെ നിര്‍ദ്ദേശ പ്രകാരം കൊളവല്ലൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ സുമിത്ത് കുമാറും സംഘവും അറസ്റ്റു ചെയ്തത്. പശ്ചിമബംഗാള്‍ സ്വദേശിനിയാണ് പീഡനത്തിനു ഇരയായ യുവതി.
സോഷ്യല്‍ മീഡിയയിലൂടെയാണ് യുവതിയും ഹാപ്പി ജുള്‍ ഷേഖും പരിചയപ്പെട്ടത്. പിന്നീട് തന്ത്രത്തില്‍ യുവതിയുടെ നഗ്നചിത്രം കൈക്കലാക്കി. ചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പശ്ചിമബംഗാളില്‍ നിന്നു പ്രതിയുടെ താമസസ്ഥലമായ കുറ്റ്യാടിയിലേക്ക് വിളിച്ചുവരുത്തി. അതിനു ശേഷം യുവതിയുമായി സ്ഥലം വിട്ട പ്രതി പല സ്ഥലങ്ങളില്‍ കൊണ്ടു പോയി പീഡിപ്പിച്ചു. രണ്ടു മാസം മുമ്പ് സെന്‍ട്രല്‍ പൊയിലൂരില്‍. എത്തിച്ച് പീഡിപ്പിച്ചു. പിന്നീട് കോഴിക്കോടേക്ക് കൊണ്ടു പോയി. അവിടെ വച്ചാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. ഈ വിവരമറിഞ്ഞ് ഹാപ്പിജുള്‍ പശ്ചിമബംഗാളിലേക്ക് കടന്നു. പൊലീസ് അവിടെ എത്തിയാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
