കാസര്‍കോട്: കൂട്ടില്‍ കയറാന്‍ കൂട്ടാക്കാതെ നാട്ടില്‍ കറങ്ങി നടക്കുന്ന പുലികളെ വനാന്തര്‍ ഭാഗത്തേക്ക് ഓടിക്കാന്‍ നടപടി തുടങ്ങി. വനംവകുപ്പ് റേഞ്ച് ഓഫീസര്‍ സി.വി വിനോദ് കുമാറിന്റെ നേതൃത്വത്തിലാണ് നടപടി തുടങ്ങിയത്. പടക്കം പൊട്ടിച്ച് പുലികളെ കാടു കയറ്റാനുള്ള ശ്രമമാണ് ആരംഭിച്ചത്. മൂന്നു സംഘങ്ങളായി തിരിഞ്ഞ വനംവകുപ്പ് അധികൃതര്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുലികളെത്തിയ മഞ്ചക്കല്‍, കുണിയേരി, നെയ്യങ്കയം, കൊട്ടംകുഴി, കല്ലളിക്കാല്‍ പ്രദേശങ്ങളില്‍ നിന്നാണ് ദൗത്യം ആരംഭിച്ചത്. ഈ പ്രദേശങ്ങളില്‍ കാണപ്പെട്ട പുലികളെ കുടുക്കുന്നതിനു വേണ്ടി വനം വകുപ്പ് കൂടൊരുക്കിയിരുന്നു. എന്നാല്‍ കൂട്ടില്‍ കയറാന്‍ പുലികള്‍ തയ്യാറായിരുന്നില്ല. പകരം സമീപപ്രദേശങ്ങളില്‍ കൂടി പുലികളെത്തുന്ന സാഹചര്യങ്ങളുണ്ടായി.
ഇതോടെയാണ് കാട്ടിനുള്ളില്‍ കയറി പടക്കം പൊട്ടിച്ച് പുലികളെ വനാന്തര്‍ ഭാഗത്തേക്ക് ഓടിക്കാനുള്ള നടപടി ആരംഭിച്ചത്. ആവാസ സ്ഥലത്ത് പടക്കം പൊട്ടിക്കുമ്പോള്‍ ഉണ്ടാകുന്ന ശബ്ദം പുലികളെ അസ്വസ്ഥമാക്കുമെന്നും പുലികള്‍ സ്ഥലത്തു നിന്നു മാറിപ്പോകുമെന്നാണ് വനം വകുപ്പിനു ലഭിച്ചിട്ടുള്ള വിദഗ്‌ധോപദേശം.
