കാസര്‍കോട്: ലോകം ഉള്ളിടത്തോളം അവശേഷിക്കുന്ന കല നാടകം മാത്രമായിരിക്കുമെന്നു പ്രമുഖ നടനും കമന്റേറ്ററുമായ പ്രൊഫ. അലിയാര്‍ പറഞ്ഞു. കാസര്‍കോട്ട് വെള്ളിയാഴ്ച നടക്കുന്ന ‘ശേഷാദ്രിയന്‍സ്’ എന്ന പേരിലുള്ള പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ അദ്ദേഹം കാരവലുമായി സംസാരിക്കുകയായിരുന്നു. സിനിമ സംവിധായകന്റെ കലയാണെങ്കില്‍ നാടകം പൂര്‍ണ്ണമായും നടന്റെ കൈയിലാണ്. അതു കൊണ്ടാണ് നാടകം കാലങ്ങളെ അതിജീവിച്ചു കൊണ്ട് എന്നും പുഷ്പിച്ചു നില്‍ക്കുന്നത്- കാസര്‍കോട് ഗവ. കോളേജിലെ മുന്‍ അധ്യാപകനും പ്രൊഫ. പി.കെ ശേഷാദ്രിയുടെ സഹപ്രവര്‍ത്തകനുമായിരുന്ന അലിയാര്‍ പറഞ്ഞു.
‘1972മുതല്‍ 1975 കാലം വരെയാണ് കാസര്‍കോട് ഗവ. കോളേജില്‍ ജോലി ചെയ്തത്. തന്റെ ആദ്യ നിയമനം ആയിരുന്നു കാസര്‍കോട്ടേത്. അന്നു വിദ്യാനഗറില്‍ ഒരു സെന്റു സ്ഥലത്തിന് 10 രൂപയായിരുന്നു വില. ഇന്ന് ലക്ഷങ്ങള്‍ വരുമെന്ന് കേള്‍ക്കുന്നു. കാസര്‍കോട്ട് ജോലി ചെയ്ത കാലം ജീവിതത്തില്‍ ഒരിക്കലും മറക്കാനാവില്ല. കാസര്‍കോട് സാഹിത്യവേദിയുടെ പ്രൗഢഗംഭീരമായ പ്രവര്‍ത്തനം ഏതൊരു എഴുത്തുകാരനെയും കരുത്തുറ്റവരായി തീര്‍ക്കുന്നതായിരുന്നു. സ്‌നേഹവും ബഹുമാനവും ഉള്ളവരായിരുന്നു കാസര്‍കോട്ടെ ജനത അന്നും ഇന്നും’-പ്രൊഫസര്‍ അലിയാര്‍ പറഞ്ഞു.
കാസര്‍കോട് ഇന്നും ഗൃഹാതുരത്വം പേറുന്ന ഒരു നാടാണ്. ജീവനുള്ളിടത്തോളം ഈ പേരും ഈ നാടിന്റെ സ്‌നേഹവും മനസ്സില്‍ നിറഞ്ഞു നില്‍ക്കും-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
