നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവ് മരണകാരണമായി, ജ്യേഷ്ഠനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

കാസർകോട്: കുടുംബവഴക്കിനെ തുടർന്ന് അനുജന്റെ കുത്തേറ്റ് ജ്യേഷ്ഠൻ മരിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. ചെമ്മനാട് മാവില റോഡ് പേറവളപ്പിൽ ഐങ്കൂറൻ ചന്ദ്രനെ (52) വാക്കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ എ ഗംഗാധരനെ (48) യാണ് മേൽപറമ്പ് പൊലീസ് അറസ്റ്റ് ചെയ്‌തത്. നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിലെ സൂചനകൾ. ഞെറ്റിയിൽ അടക്കം ശരീരത്തിൽ മൂന്നിലധികം മുറിവുകൾ ഉണ്ടായിരുന്നു. ഫോറൻസിക് വിദഗ്ധർ സംഭവസ്ഥലം സന്ദർശിച്ചു. പൊലീസ് സർജന്റെ സാന്നിധ്യത്തിൽ കാസർകോട് ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടന്നു. സംസ്കാരം വീട്ടുവളപ്പിൽ നടന്നു. തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. സ്വത്തു തർക്കത്തിന്റെ പേരിൽ സഹോദരന്മാർ തമ്മിൽ വഴക്ക് പതിവായിരുന്നു എന്ന് പരിസരവാസികൾ പറയുന്നു. കൂലിപ്പണി കഴിഞ്ഞ വീട്ടിൽ തിരിച്ചെത്തിയ ചന്ദ്രനുമായി തിങ്കളാഴ്ച രാത്രിയും വഴക്ക് നടന്നിരുന്നു. പ്രകോപിതനായ ഗംഗാധരൻ വാക്കത്തി കൊണ്ട് നെഞ്ചിൽ വെട്ടുകയായിരുന്നു. ബഹളം കേട്ട് അയൽവാസികൾ എത്തിയപ്പോഴും അക്രമം തുടർന്നു. പിന്നീട് കൂടുതൽ ആളുകൾ എത്തി ഗംഗാധരനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. നെഞ്ചിന് സാരമായി കുത്തേറ്റ ചന്ദ്രനെ കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണപ്പെട്ടു. ഗംഗാധരനെ പിടികൂടാൻ ശ്രമിച്ച അയൽവാസികളായ ഗോപിനാഥനും മണികണ്ഠനും പരിക്കേറ്റിരുന്നു. ചന്ദ്രനെ വെട്ടാൻ ഉപയോഗിച്ച വാക്കത്തി പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മേൽപറമ്പ് ഇൻസ്പെക്ടർ എ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലാണ് പ്രതി ഗംഗാധരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page