മംഗളൂരു: വെള്ളിയാഴ്ച പുലർച്ചേ മംഗളൂരു വിമാനത്താവളത്തിന് സമീപം പുലിയെ കണ്ടതിനെത്തുടർന്ന് വനംവകുപ്പ് തെരച്ചിൽ ആരംഭിച്ചു. കാറിൽ സഞ്ചരിക്കുകയായിരുന്ന ഒരു ഉദ്യോഗസ്ഥനാണു പുള്ളിപ്പുലി റോഡ് മുറിച്ചുകടക്കുന്നത് കണ്ടത്. ഉടൻ തൻ്റെ മൊബൈൽ ഫോണിൽ പുലിയുടെ ദൃശ്യങ്ങൾ പകർത്തി. ഫോട്ടോകൾ അപ്പോൾ തന്നെ ഫോറസ്റ്റ് അധികൃതർക്ക് അയച്ചു നൽകി. വിവരത്തെ തുടർന്ന് വനം വകുപ്പ് പുലിയെ കണ്ടെത്താൻ ഒരു സംഘത്തെ പുലിയെ കണ്ട സ്ഥലത്തേക്ക് അയച്ചു. വിമാനത്താവളത്തിന് സമീപത്തെ തിരക്കേറിയ റോഡിനു അരികിലെ കാട്ടിലാണ് പുള്ളിപ്പുലിയെ കണ്ടത്. തിരച്ചിൽ തുടരുന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് അറിയിച്ചു.പ്രദേശത്ത് പുള്ളിപ്പുലിയെ കാണുന്നത് അസാധാരണമല്ലെന്നാണ് അധികൃതർ പറയുന്നത്. പുലിയെ പിടികൂടി സുരക്ഷിതമായി മാറ്റിപ്പാർപ്പിക്കാനും മനുഷ്യർക്ക് നേരെയുള്ള ആക്രമണം തടയാനുമുള്ള നടപടി അധികൃതർ ആരംഭിച്ചു.