മലപ്പുറം: കാണാതായ മലപ്പുറം തിരൂർ ഡെപ്യൂട്ടി തഹസിൽദാരെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. മൊബൈൽ ടവർ ലൊക്കേഷൻ കർണാടകയിലെ ഉഡുപ്പിയിലാണെന്നു മനസ്സിലായതിനാൽ അന്വേഷണം കർണാടകയിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. മാങ്ങാട്ടിരി സ്വദേശി പി ബി ചാലിബിനെയാണ് ബുധനാഴ്ച വൈകിട്ട് മുതൽ കാണാതായത്. വീട്ടിൽ എത്താൻ വൈകുമെന്ന് കുടുംബത്തെ അറിയിച്ചിരുന്നു. പിന്നീട് വിളിച്ചിട്ട് യാതൊരു വിവരവുമില്ലാത്തതിനെ തുടർന്ന് കുടുംബം തിരൂർ പൊലീസിൽ പരാതി നൽകിയിരുന്നു. കോഴിക്കോടാണ് അവസാന മൊബൈൽ ടവർ ലൊക്കേഷൻ കാണിച്ചതെന്ന് പൊലീസ് പറഞ്ഞു. എന്നാൽ എട്ട് മണിയോടെ ഭാര്യ ചാലിബിന് മെസേജ് അയച്ചിരുന്നു. പൊലീസിനും എക്സൈസിനും ഒപ്പം വളാഞ്ചേരിയിൽ ഒരു റെയ്ഡിലാണെന്നായിരുന്നു മറുപടി. പക്ഷേ ഫോണിൽ ചാലിബിനെ വിളിച്ചിട്ട് കിട്ടിയില്ല. അങ്ങനെയൊരു റെയിഡ് നടക്കുന്നില്ലെന്ന് അറിയിച്ചു. പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആയതോടെ രാത്രി പതിനൊന്നു മണിയോടെ കടുംബം തിരൂർ പൊലീസിൽ പരാതി നൽകി. ഉഡുപ്പിയിൽ ടവർ ലൊക്കേഷൻ കണ്ടെത്തിയതിനാൽ കർണാടക പൊലീസിന് വിവരം കൈമാറിയിട്ടുണ്ട്.
