കണ്ണൂര്‍: നികുതി വെട്ടിക്കാന്‍ ലോറികള്‍ക്ക് വ്യാജ നമ്പര്‍ പ്ലേറ്റ് ഉണ്ടാക്കിക്കൊടുക്കുന്ന സംഘത്തിലെ സൂത്രധാരന്‍ അറസ്റ്റില്‍. നീലേശ്വരം, ബങ്കളം കിഴക്കേക്കര മാന്തോട്ട് കെ.ജി സനോജി (40)നെയാണ് വളപട്ടണം ഇന്‍സ്‌പെക്ടര്‍ പി.പി സുമേഷും സംഘവും അറസ്റ്റു ചെയ്തത്. ആഗസ്ത് 15ന് ഇയാളുടെ കൂട്ടാളികളായ ലോറി ഉടമ കാസര്‍കോട് കുമ്പള കോയിപ്പാടിയിലെ അബ്ദുള്‍ഖാദര്‍ സഫ്വാന്‍(31), സഹായി മട്ടന്നൂര്‍ പൊറോറയിലെ കുന്നുംപുറത്ത് പുത്തിയില്‍ ടി.കെ നൗഫല്‍ (31) എന്നിവരെ പിടികൂടിയിരുന്നു. ചരക്കുകയറ്റി വളപട്ടണത്തെത്തിയ ജൂലായ് മൂന്നിന് കണ്ണൂര്‍ ആര്‍.ടി.ഒ നേതൃത്വത്തില്‍ പിടിച്ചെടുത്തിരുന്നു. സംശയം തോന്നി എഞ്ചിന്‍ നമ്പറും ചേസിസ് നമ്പറും പരിശോധിച്ചപ്പോഴാണ് ലോറിയുടെ നമ്പര്‍ വ്യാജമാണെന്ന് തെളിഞ്ഞത്. അന്ന് ലോറി ഓടിച്ചിരുന്ന സനോജ് ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേര്‍ പിടിയിലായത്. രക്ഷപ്പെട്ട സനോജിനെ കണ്ടെത്താന്‍ പൊലീസ് നിരന്തരം ശ്രമം നടത്തിവരികയായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ കഴിഞ്ഞ ദിവസം പാനൂരില്‍ ചരക്കിറക്കി ഇയാള്‍ വരുന്നുണ്ടെന്ന വിവരം ലഭിച്ചു. തുടര്‍ന്ന് പൊലീസ് സംഘം പാപ്പിനിശേരി- പഴയങ്ങാടി റോഡ് ജംഗ്ഷനില്‍ വച്ച് ലോറി തടഞ്ഞു അറസ്റ്റു ചെയ്യുകയായിരുന്നു. എ.എസ്.ഐ സുധീര്‍, പൊലീസുകാരായ വില്‍സണ്‍ വിനോയ്, സുമിത്ത് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.
വ്യാജ നമ്പര്‍ പ്ലേറ്റുണ്ടാക്കി നികുതിയും പെര്‍മിറ്റ് ടാക്സും വെട്ടിക്കുകയായിരുന്നു സനോജിന്റെ നേതൃത്വത്തില്‍ നടന്നതെന്നു പൊലീസ് പറഞ്ഞു. സനോജ് തന്നെ നേരിട്ട് ഇത്തരം നിരവധി ലോറികളില്‍ ചരക്ക് കയറ്റി വന്ന് നികുതി വെട്ടിച്ചിട്ടുണ്ട്. ഇതിന് പുറമെ നിരവധി പേര്‍ക്ക് ഇങ്ങനെ നികുതിവെട്ടിക്കാന്‍ ഒത്താശ ചെയ്തുകൊടുത്തിട്ടുമുണ്ട്.
