കാസര്‍കോട്: ചെങ്ങറ പാക്കേജുമായി ബന്ധപ്പെട്ട ഗുണഭോക്താക്കളുമായി ചര്‍ച്ച നടത്തി കൃഷിയോഗ്യമായ ഭൂമിയും അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കുന്നതിന് താമസം കൂടാതെ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. കാഞ്ഞങ്ങാട് സബ് കളക്ടര്‍ക്കാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജുനാഥ് നിര്‍ദ്ദേശം നല്‍കിയത്. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ 3 മാസത്തിനുള്ളില്‍ സബ് കളക്ടര്‍ കമ്മീഷനില്‍ സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ചെങ്ങറ പാക്കേജിലുള്ള 35 കുടുംബങ്ങള്‍ക്ക് കൃഷിഭൂമി നല്‍കിയില്ലെന്നാരോപിച്ച് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. സെപ്റ്റംബര്‍ 24 ന് കാസര്‍കോട് നടന്ന സിറ്റിംഗില്‍ കാഞ്ഞങ്ങാട് സബ് കളക്ടര്‍ക്ക് കമ്മീഷന്‍ നേരിട്ടാണ് നിര്‍ദ്ദേശം നല്‍കിയത്. 2010 ല്‍ ചെങ്ങറ പാക്കേജായി 1495 ഭൂരഹിതരായ ആള്‍ക്കാരെ 10 ജില്ലകളിലായി പുനരധിവസിപ്പിച്ചിട്ടുണ്ടെന്ന് സബ് കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കാസര്‍കോട് ജില്ലയില്‍ ഭൂമി അനുവദിച്ചിട്ടുള്ള 360 പേരില്‍ 126 പേര്‍ക്ക് പട്ടയം അനുവദിച്ചിട്ടുണ്ട്. സര്‍ക്കാര്‍ അനുവദിച്ച ഭൂമി അളന്നു തിട്ടപ്പെടുത്തി അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് അനുവദിക്കാന്‍ നിലവില്‍ ഗുണഭോക്താക്കളില്‍പ്പെട്ടവര്‍ തന്നെ അനുവദിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് സബ് കളക്ടര്‍ അറിയിച്ചു. കമ്മീഷന്‍ ഉത്തരവ് അനുസരിച്ച് പ്രവര്‍ത്തിക്കാമെന്ന് സബ് കളക്ടര്‍ കമ്മീഷന്‍ മുമ്പാകെ ഉറപ്പു നല്‍കി. സി. രവീന്ദ്രനും മറ്റുള്ളവരും ചേര്‍ന്ന് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.