ന്യൂഡല്‍ഹി: വിവാഹം കഴിക്കണമെന്ന് കാമുകനോട് വാശിപിടിച്ച ഏഴുമാസം ഗര്‍ഭിണിയായ കാമുകിയെ കൂട്ടുകാരുമായി ചേര്‍ന്ന് കാമുകന്‍ കൊന്നുകുഴിച്ചുമൂടി. ഡല്‍ഹി നാന്‍ഗ്ലോയി സ്വദേശിനിയായ സോണിയാണ്(19) കൊല്ലപ്പെട്ടത്. സംഭവത്തില്‍ കാമുകന്‍ സഞ്ജു എന്ന സലീമും ഒരു സുഹൃത്തും അറസ്റ്റിലായി. സലീമിന്റെ മറ്റൊരു ചങ്ങാതിക്ക് വേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു. സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന സോണിയ സലിമുമായി ചങ്ങാതിയാവുകയായിരുന്നു. ചങ്ങാത്തം പ്രേമത്തില്‍ കലാശിച്ചു. ഏഴുമാസം ഗര്‍ഭിണിയായതോടെ വിവാഹത്തിന് സോണിയ സലീമിനെ നിര്‍ബന്ധിച്ചു. ഏഴുമാസം വളര്‍ച്ചയെത്തിയ കുട്ടിയെ നശിപ്പിക്കാനായിരുന്നു കാമുകനായ സലീമിന്റെ നിര്‍ദ്ദേശമെന്ന് പറയുന്നു. ഇതില്‍ കോപിതയായ സോണിയ തിങ്കളാഴ്ച വീട്ടില്‍ നിന്ന് അത്യാവശ്യ സാധനങ്ങളുമായി സലീമിനെ കാണാന്‍ പോയിരുന്നു. സലീമും രണ്ടു കൂട്ടുകാരും ചേര്‍ന്ന് സോണിയയെ ഹരിയാനയിലെ റോഹ്താക്കിലേക്ക് വിവാഹം നടത്താം എന്ന് വിശ്വസിപ്പിച്ചു കൂട്ടിക്കൊണ്ടു പോവുകയും അവിടെവെച്ച് കൊന്ന് കുഴിച്ചുമൂടുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുറേ ദിവസമായി ഒരാളോട് സോണിയ തുടര്‍ച്ചയായി ഫോണില്‍ സംസാരിക്കാറുണ്ടായിരുന്നുവെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. വിവാഹവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും സംസാരത്തില്‍ കേട്ടിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ 6000 ഫോളോവേഴ്‌സ് സോണിയക്കുണ്ടായിരുന്നു. സലീമുമൊത്തുള്ള ചിത്രങ്ങള്‍ സോണിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. സലിമും സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
