കാസര്‍കോട്: ജന്മി, കുടിയായ്മ കേസുകള്‍ പൂര്‍ണമായും അവസാനിപ്പിക്കാന്‍ ഈ സര്‍ക്കാരിന്റെ കാലയളവില്‍ തന്നെ നടപടി സ്വീകരിക്കുമെന്ന് റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍. 2026 ജനുവരി ഒന്നിന് രാജ്യത്ത് ആദ്യമായി കുടിയായ്മ കേസുകള്‍ ഇല്ലാത്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. കാസര്‍കോട് മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ ജില്ലാതല പട്ടയ മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അസൈനബിള്‍ വെസ്റ്റ് ഡ് ലാന്‍ഡ്( എ ഡബ്ല്യു എല്‍) പ്രശ്‌നത്തിന് ഒന്നര വര്‍ഷത്തിനകം പരിഹാരം കാണും. കാസര്‍കോട് ജില്ലയിലെ അസൈനബിള്‍ വെസ്റ്റ്ഡ് ലാന്‍ഡ് പരിശോധിക്കുന്നതിന് ഉന്നത, റവന്യൂ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന പ്രത്യേക ടീമിനെ നീയോഗിച്ചു.
ഒന്നരവര്‍ഷത്തിനുള്ളില്‍ ജില്ലയില്‍ സമ്പൂര്‍ണ്ണ പരിഹാരം കാണും. വളരെ ഗൗരവമായി ഈ പ്രശ്‌നം പരിഗണിക്കുകയാണ്. പ്രത്യേക ടീമിനെ വെച്ച് പരിശോധിച്ചു ലഭ്യമാകുന്ന വിവരങ്ങള്‍ കൂടി ശേഖരിച്ച് അര്‍ഹതപ്പെട്ടവര്‍ക്ക് പട്ടയം കൊടുക്കാന്‍ നടപടികള്‍ സ്വീകരിക്കും. കാസര്‍കോട് ജില്ലയില്‍ 671പേര്‍ക്ക്പട്ടയം കൊടുക്കാനാണ് തീരുമാനിച്ചത്. ഇവിടെ 906 പട്ടയങ്ങളാണ് വിതരണം ചെയ്തത്. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നുവെന്നും എന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ ഇ ചന്ദ്രശേഖരന്‍,സി എച്ച് കുഞ്ഞമ്പു, എം രാജഗോപാലന്‍, എകെഎം അഷ്‌റഫ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണന്‍, റവന്യൂ ഉദ്യോഗസ്ഥര്‍ വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ പ്രസംഗിച്ചു. ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ സ്വാഗതവും എഡിഎം പി അഖില്‍ നന്ദിയും പറഞ്ഞു.
