കല്‍പ്പറ്റ: പ്രിയങ്കാ ഗാന്ധിയും കുടുംബവും എത്തിയതോടെ ആവേശത്തിന്റെ കൊടുമുടിയിലാണ് വയനാട്. പതിനായിരങ്ങളാണ് കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് പ്രിയങ്കയേയും രാഹുല്‍ ഗാന്ധിയേയും സോണിയയെയും വരവേല്‍ക്കാന്‍ എത്തിയത്. പന്ത്രണ്ട് മണിയോടെ കല്‍പ്പറ്റ ന്യൂ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ആരംഭിച്ച റോഡ് ഷോയില്‍ പ്രിയങ്കയ്‌ക്കൊപ്പം രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെയും കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പങ്കെടുത്തു.സോണിയ ഗാന്ധി റോഡ് ഷോയില്‍ പങ്കെടുത്തില്ല.കെ സുധാകരനും വി ഡി സതീശനും കുഞ്ഞാലിക്കുട്ടിയും റോഡ് ഷോയില്‍ പങ്കെടുത്തു.റോഡ് ഷോയ്ക്കുശേഷം പത്രികാ സമര്‍പ്പണം നടക്കും. 5 സെറ്റ് പത്രികയാണ് പ്രിയങ്ക ഗാന്ധി തയ്യാറാക്കിയിരിക്കുന്നത്. ഇന്ന് 3 സെറ്റ് പത്രിക സമര്‍പ്പിക്കും. സോണിയ ഗാന്ധിക്കും റോബര്‍ട്ട് വദ്രയ്ക്കും മക്കള്‍ക്കും ഒപ്പമാണ് കന്നി അങ്കത്തിനായി പ്രിയങ്ക ഇന്നലെ വൈകിട്ട് വയനാട്ടിലെത്തിയത്.
ത്രിവര്‍ണ നിറത്തിലുള്ളതും, ഹരിത നിറത്തിലുമുള്ള ബലൂണുകള്‍ ഉയര്‍ത്തിയാണ് ഇക്കുറി പ്രവര്‍ത്തകര്‍ നേതാക്കളെ വരവേറ്റത്. വെയിലും ചൂടും വകവയ്ക്കാതെ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് റോഡ്‌ഷോയില്‍ പങ്കെടുക്കാന്‍ എത്തിയത്. രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്കയുടേയും ചിത്രങ്ങള്‍ അടങ്ങിയ നിരവധി പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി വരവേറ്റു. കാസര്‍കോട് ജില്ലയില്‍ നിന്നടക്കമാണ് പ്രവര്‍ത്തകര്‍ എത്തിയിരിക്കുന്നത്. ഇന്ദിരാഗാന്ധിയെപ്പോലെ പ്രിയങ്കയെ കാണുമെന്നാണ് ജനക്കൂട്ടത്തിന്റെ പ്രതികരണം.