മൂമാസ പദ്ധതി | Kookkanam Rahman

വായനക്കാര്‍ ഒരു പക്ഷേ ഇതേ വരെ കേള്‍ക്കാത്ത പദമായിരിക്കാം ഇത്. കാസര്‍കോട് ജില്ലയിലെ കിനാനൂര്‍- കരിന്തളം പഞ്ചായത്തില്‍ 1988 നവംബര്‍ 1 മുതല്‍ 1989 ജനവരി 26 വരെ നടപ്പാക്കിയ പദ്ധതിയാണിത്. കേരളത്തില്‍ മാത്രമല്ല ഇന്ത്യയില്‍ തന്നെ ആദ്യത്തേതാണിത്. ഉശിരുള്ള സന്നദ്ധ പ്രവര്‍ത്തകരായിരുന്നു ഈ പദ്ധതിയുടെ നട്ടെല്ല്. ഞങ്ങളുടെ പഞ്ചായത്തില്‍ മാതൃകാപരമായി എന്തെങ്കിലും ജനോപകാരപ്രദമായ പദ്ധതി നടപ്പാക്കണം എന്നാഗ്രഹിക്കുന്ന തദ്ദേശസ്ഥാപന നേതൃത്വവും ഉണ്ടാവണം.
1977ല്‍ രൂപീകൃതമായ കാന്‍ഫെഡ് നൂതനമായ രീതിയില്‍ അനൗപചാരിക വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന കാലം. അതിനായി സംസ്ഥാനത്തുടനീളം സന്നദ്ധ പ്രവര്‍ത്തക പരിശീലനം നടത്തുന്നുണ്ടായിരുന്നു. പരിശീലന പരിപാടിയില്‍ പങ്കെടുത്തവരില്‍ നിന്ന് ഊര്‍ജസ്വലതയോടെ കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ കഴിയുന്നവരെ കണ്ടെത്തി വീണ്ടും പരിശീലനവും ചില ഉത്തരവാദിത്വങ്ങളും നല്‍കുമായിരുന്നു.
അക്കാലത്ത് കിനാനൂര്‍ കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് സൗമ്യനും കര്‍മ്മനിരതനുമായ കെ.പി. നാരായണനായിരുന്നു.
ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും സാമൂഹ്യ- സന്നദ്ധ പ്രവര്‍ത്തകരെ പരിശീലിപ്പിച്ചു വരികയായിരുന്നു. പഞ്ചായത്തിലും വിപുലമായ പരിശീലന പരിപാടി സംഘടിപ്പിച്ചു.
ആശയങ്ങളും ചിന്തകളും സമൂഹത്തിനുമുന്നില്‍ അവതരിപ്പിക്കാനും അംഗീകാരം നേടാനുമുള്ള അതിവിദഗ്ദ്ധനാണ് പി.ടി.ഭാസ്‌കരപ്പണിക്കര്‍. അദ്ദേഹത്തെ പി.ടി.ബി എന്ന ത്രയാക്ഷരത്തിലാണ് ലോകം അറിയപ്പെടുന്നത്.
കേരളത്തില്‍ പ്രത്യേകിച്ച് മലബാറില്‍ വിദ്യാഭ്യാസ വിപ്ലവത്തിന് തുടക്കം കുറിച്ച വ്യക്തിയാണ് പി.ടി.ബി.
മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് ചെയര്‍മാന്‍, മുണ്ടശ്ശേരി മാസ്റ്റരുടെ പേര്‍സണല്‍ അസിസ്റ്റന്റ് തുടങ്ങിയ നിലയില്‍ പ്രവര്‍ത്തിച്ചതിനാലാണ് വിദ്യാഭ്യാസരംഗത്ത് വിപ്ലവകരമായ മാറ്റം വരുത്താന്‍ സാധ്യമായത്.
കേരളത്തിലെ ശാസ്ത്ര സാഹിത്യപരിഷത്തിന് തുടക്കം കുറിച്ച വ്യക്തിയുമാണദ്ദേഹം.
പി.ടി.ബി. സാറാണ് ‘മൂമാസ’ പദ്ധതിയുടെ ഉപജ്ഞാതാവ്. (മൂന്ന് മാസം കൊണ്ട് സാക്ഷരത അതാണ് ആ വാക്കിന്റെ പൂര്‍ണ്ണ രൂപം.
സംസ്ഥാനത്ത് ഏത് ജില്ലയില്‍ ഏത് പഞ്ചായത്തില്‍ ഇത് നടപ്പാക്കണം എന്ന ചര്‍ച്ച വന്നപ്പോഴാണ് കാസര്‍കോട് ജില്ലയിലെ കിനാനൂര്‍ കരിന്തളം പഞ്ചായത്താവാം എന്ന ധാരണയില്‍ എത്തിയത്. സാക്ഷരതാ പദ്ധതി എളുപ്പത്തിലും ഏറ്റവും ചുരുങ്ങിയ സമയം കൊണ്ടും നടപ്പിലാക്കാന്‍ പറ്റുമെന്ന ചിന്ത നടക്കുന്ന കാലഘട്ടമായിരുന്നു അത്.
‘ഒരാള്‍ ഒരാളെ സാക്ഷരനാക്കുക ‘ ( each oneTeach one) എന്ന പദ്ധതി കോളേജുകളിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീം പ്രകാരം നടപ്പിലാക്കാന്‍ ശ്രമിച്ചെങ്കിലും വിജയത്തിലെത്തിയില്ല.
ഒടുവില്‍ മൂ മാസ പദ്ധതി ഒരു മോഡല്‍ പ്രൊജക്ടായി തുടങ്ങാന്‍ ധാരണയായി. അതിന്റെ കോ- ഓര്‍ഡിനേറ്ററായി എന്നെ നിശ്ചയിച്ചു. മിടുക്കരും സന്നദ്ധതയുള്ളവരും മൂന്നു മാസം മുടങ്ങാതെ പ്രവര്‍ത്തിക്കാന്‍ തയ്യാറുമുള്ള മുപ്പതുപേരെ കണ്ടെത്താന്‍ എന്നെ ചുമതലപ്പെടുത്തി. പഞ്ചായത്തു പ്രസിഡണ്ട് കെ.പി. നാരായണനെ നേരില്‍ കണ്ടു. കുലങ്കുഷമായി ചര്‍ച്ച ചെയ്തു. മുപ്പത് പ്രവര്‍ത്തകരെ കണ്ടെത്തി. അവരെ നേരില്‍ കണ്ട് ഉറപ്പുവരുത്തി. അതിനാവശ്യമായ പഠനോപകരണ നിര്‍മ്മാണവും പ്രവര്‍ത്തക പരിശീലന മൊഡ്യൂളും തിരുവനന്തപുരത്തുനിന്ന് പി.ടി.ബി.യുടെ നേതൃത്വത്തില്‍ തയ്യാറാക്കി. മുപ്പതു പേര്‍ക്ക് 3 ദിവസം നീണ്ടുനിന്ന പരിശീലനം നല്‍കി.
പി.എന്‍. പണിക്കരും,പി.ടി.ബിയും നേരിട്ടെത്തി പ്രവര്‍ത്തകരെ സജ്ജരാക്കി. ഓരോരുത്തര്‍ക്കും ഐഡന്റിറ്റി കാര്‍ഡ് നല്‍കി.
ഒരാള്‍ അഞ്ച് വീടിന്റെ ചുമതല ഏറ്റെടുക്കണം. അതില്‍ പത്ത് നിരക്ഷരരെങ്കിലും ഉണ്ടാവണം. മൊത്തം 157 നിരക്ഷരര്‍.
ആദ്യപടി അവരെ ചെന്ന് കാണണം. പഠിക്കാനുള്ള മോട്ടിവേഷന്‍ നല്‍കണം. പിന്നെ അവരുടെ വീടുകളില്‍ ചെന്നാണ് പഠിപ്പിക്കേണ്ടത്. അവരുടെ സമയത്തിനനുസരിച്ചാവണം ക്ലാസ് പ്ലാന്‍ ചെയ്യേണ്ടത്. ഒരു വീട്ടിലേക്ക് ഒരു ‘അക്ഷരക്കലണ്ടര്‍ കൊടുക്കണം. കലണ്ടര്‍ ചുവരില്‍ തൂക്കി ഇടണം. പഠിച്ച അക്ഷരങ്ങള്‍ വാക്കുകള്‍ ആവര്‍ത്തിച്ചെഴുതാന്‍ നോട്ടുബുക്കും പേനയും നല്‍കി. പ്രവര്‍ത്തകര്‍ ഊര്‍ജസ്വലരായി. വാര്‍ഡ് അംഗങ്ങള്‍ പ്രവര്‍ത്തകരെ സഹായിക്കാന്‍ ഒപ്പം ചെന്നു തുടങ്ങി. നാട്ടില്‍ ഇതൊരു ആരവമായി മാറി. നാട്ടുകാരൊക്കെ സഹായവുമായി മുന്നിട്ടിറങ്ങി. ഓരോ ആഴ്ചയും പ്രവര്‍ത്തകര്‍ ഒത്തുകൂടി. പ്രയാസങ്ങളും സന്തോഷാനുഭവങ്ങളും പങ്കിട്ടു. കേവലം മൂന്ന് മാസം കൊണ്ട് 157 പേരെ എഴുതാനും വായിക്കാനും പഠിപ്പിച്ചു.
മൂന്നു മാസം പൂര്‍ത്തിയായപ്പോള്‍ പഠിതാക്കളുടെയും പ്രവര്‍ത്തകരുടെയും കൂടിച്ചേരല്‍ നടത്താന്‍ തീരുമാനിച്ചു. അതൊരു ഉത്സവമാക്കി മാറ്റാന്‍ ധാരണയായി. ജില്ലാ കലക്ടര്‍ പി. പ്രഭാകരന്‍ ഐഎഎസ് പ്രവര്‍ത്തകര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി.
ജനപ്രതിനിധികളും ഉദ്യോഗസ്ഥ പ്രമുഖരും പങ്കെടുത്തത് പഠിതാക്കള്‍ക്ക് ആവേശമുണ്ടായി. പ്രവര്‍ത്തകരെ ആദരിക്കുകയും പഠിതാക്കളെ അനുമോദിക്കുകയും ചെയ്ത പ്രസ്തുത കൂടിച്ചേരല്‍ വിജയാഹ്ലാദചടങ്ങായി മാറിയത് മനസ്സിന് മറക്കാനാവാത്ത അനുഭവമായി ഇന്നും നിലനില്‍ക്കുന്നു.
ഈ പ്രഥമ പരിപാടിക്ക് നേതൃത്വം കൊടുക്കാന്‍ കഴിഞ്ഞതില്‍ ഞാനിന്നും അഭിമാനിക്കുന്നു.
തുടര്‍ന്നും സംസ്ഥാനത്തുടനീളം മൂമാസ പരിപാടി നടപ്പിലാക്കിയിരുന്നു.
സമ്പൂര്‍ണ്ണ സാക്ഷരതാ പരിപാടിക്ക് മുന്നേയാണ് കാന്‍ഫെഡ് ഇത്തരം പരിപാടികള്‍ പരീക്ഷണാര്‍ത്ഥം നടത്തി വിജയിപ്പിച്ചത്. ഇതിന്റെ കൂടെ കൂട്ടിവായിക്കേണ്ട ഒരു സംഭവം കൂടി കാന്‍ഫെഡ് പ്രവര്‍ത്തകര്‍ നടത്തി വിജയിച്ചിട്ടുണ്ട്.
ഏഴോം ഗ്രാമത്തിലെ മുഴുവന്‍ നിരക്ഷരരെയും കണ്ടെത്തി സാക്ഷരരാക്കിയതും സമ്പൂര്‍ണ്ണ സാക്ഷരതയ്ക്ക് മുന്നേയാണ്. സംസ്ഥാനത്ത് ആദ്യമായൊരു ഗ്രാമം സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ചത് ഏഴോം ആണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page