ചെന്നൈ: ഭാര്യയുടെ പ്രസവം ആശുപത്രിയില്‍ നിന്നു ചിത്രീകരിക്കുകയും കുട്ടിയുടെ പൊക്കിള്‍ക്കൊടി സ്വയം വേര്‍പെടുത്തുകയും ചെയ്ത സംഭവത്തില്‍ തമിഴ്‌നാട്ടിലെ പ്രമുഖ യുട്യൂബര്‍ ഇര്‍ഫാനെതിരെ കേസ്.
ഇര്‍ഫാന്‍ മകളുടെ പൊക്കിള്‍കൊടി മുറിക്കുന്ന വീഡിയോ പുറത്തുവിട്ടതാണ് വിവാദം ആയത്. ഇര്‍ഫാനെതിരെ നടപടി എടുത്തതായി തമിഴ്‌നാട് ആരോഗ്യവകുപ്പ് അറിയിച്ചു.
പൊക്കിള്‍ക്കൊടി വേര്‍പെടുത്താന്‍ ഡോക്ടര്‍മാര്‍ക്ക് മാത്രമേ അനുമതിയുള്ളൂവെന്നിരിക്കെ, ഇര്‍ഫാനെ ഇതിന് അനുവദിച്ച ഡോക്ടര്‍മാര്‍ക്കെതിരെയും കേസെടുത്തു. യൂട്യൂബ് ചാനലില്‍ 45 ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉള്ള തമിഴ്‌നാട്ടുകാരനായ ഇര്‍ഫാനാണ് മകളുടെ ജനനത്തിന്റെ വീഡിയോ പുറത്തുവിട്ടത്. കഴിഞ്ഞ ജൂലൈയില്‍ പ്രസവത്തിനായി ഇര്‍ഫാന്റെ ഭാര്യ വീട്ടില്‍ നിന്ന് പുറപ്പെടുന്നത് മുതല്‍ സ്വകാര്യ ആശുപത്രിയിലെ ഓപ്പറേഷന്‍ തീയേറ്ററില്‍ കുഞ്ഞു ജനിക്കുന്നത് വരെയുള്ള സംഭവങ്ങള്‍ 16 മിനിട്ടുള്ള വീഡിയോയില്‍ ഉണ്ട്. ഒരുലക്ഷത്തിലധികം ആളുകള്‍ കണ്ട് സംഭവം വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ചു. ഭാര്യ ഗര്‍ഭിണിയായിരിക്കെ കുട്ടിയുടെ ലിംഗ നിര്‍ണയ പരിശോധന നടത്തുകയും വിവരങ്ങള്‍ ചാനലിലൂടെ പുറത്തുവിടുകയും ചെയ്തതിന് നേരത്തെ കേസെടുത്തിരുന്നു. അന്ന് മാപ്പപേക്ഷ നടത്തിയും വീഡിയോ നീക്കിയും തടിയൂരിയെങ്കിലും ഇക്കുറി നടപടി നേരിടേണ്ടി വരുമെന്നാണ് സൂചന.
