കോഴിക്കോട്: എലത്തൂര്‍ കാട്ടില്‍പ്പീടികയില്‍ എടിഎമ്മില്‍ നിറക്കാന്‍ കൊണ്ടുപോയ 25 ലക്ഷം രൂപ കവര്‍ന്നെന്ന പരാതി നാടകമെന്ന് പൊലീസ്. എടിഎമ്മില്‍ നിറയ്ക്കാനെത്തിച്ച 25 ലക്ഷം രൂപ രണ്ടുപേര്‍ ചേര്‍ന്ന തന്നെ കാറില്‍ കെട്ടിയിട്ട ശേഷം കവര്‍ന്നു എന്നായിരുന്നു ഏജന്‍സി ജീവനക്കാരനായ സൂഹൈല്‍ പൊലീസിനോടും മാധ്യമങ്ങളോടും പറഞ്ഞത്. എന്നാല്‍ ഇതെല്ലാം കൂട്ടാളികളോടൊപ്പം ചേര്‍ന്നുള്ള നാടകമാണെന്നാണ് പൊലീസ് പറയുന്നത്. മൊഴിയിലെ വൈരുദ്ധ്യം പൊലീസിന് തുടക്കം മുതല്‍തന്നെ സംശയം ഉണ്ടാക്കിയിരുന്നു. രണ്ട് പേര്‍ കാറിലേക്ക് അതിക്രമിച്ചു കയറി എന്ന് പറഞ്ഞ സ്ഥലത്ത് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. കാറിനകത്തും യുവാവിന്റെ ദേഹത്തും മുഖത്തുമടക്കം മുളക് പൊടി വിതറി കൈകള്‍ കെട്ടിയിട്ട നിലയിലായിരുന്നു ഇയാളെ നാട്ടുകാര്‍ കണ്ടെത്തിയത്. എന്നാല്‍ വണ്ടിയുടെ ഗ്ലാസ് താഴ്ത്തിയിട്ടിരുന്നതായും ഡോര്‍ അടച്ചിട്ടില്ലെന്നുമുള്ള ദൃക്‌സാക്ഷി മൊഴികളും നിര്‍ണായകമായി. കുരുടിമുക്കില്‍ നിന്നും സംശയകരമായ ഒന്നും കണ്ടെത്താന്‍ പൊലീസിനും സാധിച്ചില്ല. ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളും സ്ഥലത്തുണ്ടായിരുന്നില്ല. കാറില്‍ രണ്ടുപേര്‍ കയറിയ ഉടനെ തന്നെ മര്‍ദിച്ച് ബോധരഹിതനാക്കി എന്നും ബോധം പോയതിനാല്‍ ഒന്നും ഓര്‍മയില്ലെന്നും കാറില്‍ വരുന്നതിനിടെ യുവതി അടങ്ങുന്ന സംഘം ലിഫ്റ്റ് ചോദിച്ചെന്നും ഇവരാണ് പണം കവര്‍ന്നതെന്നും സൂഹൈല്‍ പറഞ്ഞിരുന്നു. 25ലക്ഷം നഷ്ടമായെന്ന് സുഹൈല്‍ പറയുമ്പോള്‍, 75 ലക്ഷം പോയെന്നായിരുന്നു ഏജന്‍സി വ്യക്തമാക്കിയത്. ഈ വൈര്യുദ്ധ്യങ്ങളെല്ലാം ചേര്‍ന്ന അന്വേഷമാണ് കേസിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവന്നിരിക്കുന്നത്. പയ്യോളി സ്വദേശിയായ സുഹൈല്‍ വണ്‍ഇന്ത്യ എടിഎമ്മില്‍ പണം നിറക്കുന്ന ഫ്രാഞ്ചസിയുടെ ജീവനക്കാരനാണ്. സുഹൈല്‍, നാദിര്‍, താഹ എന്നിവര്‍ ചേര്‍ന്നാണ് മോഷണം നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. നിലവില്‍ സുഹൈല്‍, നാദിര്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. താഹയെ പൊലീസ് പിടി കൂടിയെന്നും സൂചനയുണ്ട്. 67.5 ലക്ഷം രൂപയില്‍ 30 ലക്ഷം രൂപ നാദിറില്‍ നിന്ന് കിട്ടി.
