തൃശ്ശൂർ: സാഹിത്യ വിമർശകനും എഴുത്തുകാരനും പ്രഭാഷകനുമായ ബാലചന്ദ്രൻ വടക്കേടത്ത് (69) അന്തരിച്ചു. അസുഖത്തെ തുടർന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. കേരള കലാമണ്ഡലം സെക്രട്ടറിയായും സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.കേന്ദ്ര സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗമായിരുന്നു. സമസ്ത കേരള സാഹിത്യ പരിഷത്ത് വൈസ് പ്രസിഡന്റാണിപ്പോൾ. ‘അകം’ സാംസ്കാരികവേദി ചെയർമാൻ, അങ്കണം സാംസ്കാരികവേദിയുടെ സ്ഥാപകരിൽ ഒരാൾ, എംപ്ലോയീസ് കോൺകോഡ് നാട്ടിക നിയോജകമണ്ഡലം പ്രസിഡന്റ്, എൻ. ജി.ഒ. അസോസിയേഷൻ തൃശ്ശൂർ താലൂക്ക് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാഡമി വൈസ് പ്രസിഡന്റ് ആയി പ്രവർത്തിക്കുമ്പോൾ വിശ്വമലയാള മഹോത്സവത്തിന്റെ നടത്തിപ്പ് സംബന്ധിച്ചുയർന്ന വിവാദങ്ങളെത്തുടർന്ന് 2012 ഡിസംബറിൽ അക്കാഡമി വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് വടക്കേടത്തിനെ നീക്കിയത് വിവാദമായിരുന്നു. അക്കാദമി മുറ്റത്ത് ഒറ്റക്കിരുന്ന് പ്രതിഷേധിച്ചതും ഏറെ ചർച്ചയായിരുന്നു. ആരോഗ്യവകുപ്പിൽ ഉദ്യോഗസ്ഥനായിരുന്നു. 1955 ൽ തൃശൂർ നാട്ടികയിൽ എഴുത്തുകാരനായ രാമചന്ദ്രൻ വടക്കേടത്തിന്റേയും സരസ്വതിയുടേയും മകനായി ജനനം. നാട്ടിക ഫിഷറീസ് ഹൈസ്‌കൂൾ, നാട്ടിക എസ്. എൻ. കോളേജ്, തൃശൂർ സെന്റ് തോമസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഭാര്യ: സതി. മകൻ: കൃഷ്ണചന്ദ്രൻ(ഗൾഫ്). സംസ്കാരം ഞായറാഴ്ച രാവിലെ പത്തിന് നാട്ടിക എസ്.എൻ. ട്രസ്റ്റ് സ്കൂളിന് സമീപമുള്ള തറവാട്ടു വളപ്പിൽ. മൃതദേഹം ശനിയാഴ്ച ഉച്ചയ്ക്ക് 11.30 ന് കേരള സാഹിത്യ അക്കാദമിയിൽ പൊതുദർശനത്തിനായി എത്തിക്കും.
