കണ്ണൂര്‍: സൊസൈറ്റി ജീവനക്കാരി തൂങ്ങി മരിച്ച കേസില്‍ പ്രസിഡണ്ടിനെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി അറസ്റ്റു ചെയ്തു. പരിയാരം, കുഞ്ഞിമംഗലം അഗ്രികള്‍ച്ചറല്‍ വെല്‍ഫെയര്‍ സൊസൈറ്റി പ്രസിഡണ്ട് തെക്കുമ്പാട്ടെ പുതിയ വീട്ടില്‍ രമേശ (59)നെയാണ് പരിയാരം ഇന്‍സ്‌പെക്ടര്‍ എം പി വിനീഷിന്റെയും എസ് ഐ എന്‍ പി രാഘവന്റെയും നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.
കുന്നരു, കടവളത്തു വളപ്പില്‍ സീന (45)മരിച്ച കേസിലാണ് അറസ്റ്റ്.
2023 ജൂലായ് 31ന് ആണ് സീനയെ സൊസൈറ്റി കെട്ടിടത്തിലെ മുറിയില്‍ തുങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്.
രാവിലെ ചായ ഉണ്ടാക്കാനാണെന്നു പറഞ്ഞ് മുറിക്കകത്തു കയറിയ സീന ഏറെ നേരം കഴിഞ്ഞിട്ടും പുറത്തുവന്നില്ല. മറ്റൊരു ജീവനക്കാരി അകത്തു ചെന്നു നോക്കിയപ്പോഴാണ് സീനയെ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ താഴെ ഇറക്കി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
സീന എഴുതിവച്ച ആത്മഹത്യാ കുറിപ്പ് അന്നു തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സ്ഥാപനത്തിലെ ജോലിയുമായി ബന്ധപ്പെട്ട് പ്രസിഡണ്ടായ രമേശന്‍ തന്നെ നിരന്തരം പീഡിപ്പിച്ചിരുന്നതായി ആത്മഹത്യാ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ഈ കുറിപ്പ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനു ഒടുവിലാണ് രമേശനെ പൊലീസ് ആത്മഹത്യാ പ്രേരണാക്കുറ്റത്തിനു അറസ്റ്റു ചെയ്തത്.
