കാസര്‍കോട്: 2012ല്‍ രണ്ടു വയസ്സുള്ള മകനെയും കൊണ്ട് കാസര്‍കോട് നഗരത്തില്‍ അലഞ്ഞു
നടക്കുന്നതിനിടയിലാണ് രാധ പൊലീസിന്റെ പിടിയിലായത്. ചോദ്യം ചെയ്തപ്പോള്‍ സംസാരശേഷിയില്ലെന്ന് വ്യക്തമായി. കോടതി നിര്‍ദ്ദേശ പ്രകാരം രാധയെയും മകനെയും മഹിളാ മന്ദിരത്തിലേക്ക് മാറ്റി. രാധയുടെ സ്വദേശം എവിടെയാണെന്നു പോലും അന്ന് അറിഞ്ഞിരുന്നില്ല. മകന്റെ പഠിത്തം വിഷയമായപ്പോള്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഇടപെട്ടു. അങ്ങനെ 2016ല്‍ രാധയെയും മകനെയും കാരക്കുണ്ട് ഡോണ്‍ ബോസ്‌കോ വിദ്യാലയത്തിലേക്കു മാറ്റി. 2019 ജൂണ്‍ 30ന് കൂടെ ഉണ്ടായിരുന്നവര്‍ പ്രാര്‍ത്ഥനയ്ക്കു പോയ തക്കത്തില്‍ രാധ അവിടെ നിന്നും സ്ഥലം വിടുകയായിരുന്നു. സംഭവത്തില്‍ സ്ഥാപന മേധാവിയുടെ പരാതിയില്‍ പരിയാരം പൊലീസ് കേസെടുത്തിരുന്നു. പൊലീസ് അന്വേഷണത്തില്‍ രാധ
ചുടലയില്‍ നിന്നു സ്വകാര്യ ബസില്‍ കയറിയതായും കണ്ണൂര്‍, താവക്കരയില്‍ എത്തിയതായും
വ്യക്തമായി. സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ട്രെയിനില്‍
കയറിപ്പോയതായും കണ്ടെത്തി. രാധയുടെ തിരോധാനം സംബന്ധിച്ച് അന്നു പത്രങ്ങളില്‍ വാര്‍ത്ത വന്നിരുന്നു.
പ്രസ്തുത വാര്‍ത്താ കട്ടിംഗുകള്‍ രാജ്യമെങ്ങുമുള്ള പൊലീസ് സ്റ്റേഷനുകളിലേക്ക് പരിയാരം പൊലീസ് അയച്ചിരുന്നു.
യുവതിയെ കണ്ടെത്താന്‍ പല വഴിക്കും അന്വേഷണം നടത്തിയെങ്കിലും ഫലം ഉണ്ടായില്ല.
സംസാര-കേള്‍വി ശേഷിയില്ലാത്തതിനാല്‍ രാധ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ല. ഇതാണ്
അന്വേഷണത്തിനു പ്രധാന തടസ്സമായത്. മാസങ്ങള്‍ക്ക് മുമ്പ് പരിയാരത്ത് ചാര്‍ജ്ജെടുത്ത പൊലീസ് ഇന്‍സ്‌പെക്ടര്‍ കാണാതായവരുടെ പട്ടിക പരിശോധിച്ചപ്പോഴാണ് രാധ തിരോധാന കേസിനു തുമ്പുണ്ടായിട്ടില്ലെന്നു വ്യക്തമായത്. ഇതേ തുടര്‍ന്നാണ് രാധയെ കണ്ടെത്താനുള്ള പുതിയ അന്വേഷണത്തിനു തുടക്കമിട്ടത്. രാധയുടെ ചിത്രം സഹിതമുള്ള
വിവരങ്ങള്‍ വിവിധ സ്റ്റേഷനുകളിലേക്ക് അയച്ചുകൊടുത്തു. പലഭാഗത്തു നിന്നു മറുപടി വന്നു. ഉത്തര്‍ പ്രദേശില്‍ നിന്നും ലലഭിച്ച മറുപടിയില്‍ വലിയ പ്രതീക്ഷയുണ്ടായി. രാധയുമായി നല്ല സാദൃശ്യമുള്ള സ്ത്രീ മഹിളാമന്ദിരത്തില്‍ ഉണ്ടെന്നായിരുന്നു വിവരം. തുടര്‍ന്ന് പൊലീസ് സംഘം ഉത്തര്‍പ്രദേശിലെത്തി അവിടെ മഹിളാമന്ദിരത്തില്‍ അന്തേവാസിയായി കഴിയുന്ന ത് കാരക്കുണ്ടില്‍ നിന്നു കാണാതായ രാധയാണെന്ന് ഉറപ്പിച്ചു. തുടര്‍ന്ന് പരിയാരത്തെത്തിച്ചു. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കാസര്‍കോട് മഹിളാമന്ദിരത്തിലേക്ക് അയക്കാനായിരുന്നു ഉത്തരവ്. പൊലീസ് സംഘത്തില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ രാജേഷ്, സുഭാഷ്, രമേശന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ മഹിത, ലതിക, സൗമ്യ എന്നിവരും ഉണ്ടായിരുന്നു. രാധ ഉത്തര്‍പ്രദേശ് സ്വദേശിനിയാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
