കണ്ണൂര്‍: കണ്ണൂര്‍ എ ഡി എം നവീന്‍ബാബു മരിച്ച നിലയില്‍. ചൊവ്വാഴ്ച രാവിലെ പള്ളിക്കുന്നിലെ താമസസ്ഥലത്താണ് തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. വിവരമറിഞ്ഞ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. നവീന്‍ബാബുവിനെ പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റിയിരുന്നു.ചൊവ്വാഴ്ച രാവിലെ പത്തനംതിട്ടയില്‍ ജോയിന്‍ ചെയ്യേണ്ടതായിരുന്നു. ട്രെയിന്‍ കയറിയില്ലെന്നു മനസ്സിലാക്കിയ ബന്ധുക്കള്‍ ഡ്രൈവറെ ഫോണ്‍ ചെയ്തു ആരാഞ്ഞിരുന്നു. ഡ്രൈവര്‍ വീട്ടിലെത്തി നോക്കിയപ്പോഴാണ് നവീന്‍ബാബുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
തിങ്കളാഴ്ച വൈകുന്നേരം കലക്ട്രേറ്റില്‍ യാത്രയയപ്പ് നല്‍കിയിരുന്നു. ജില്ലാ കലക്ടര്‍ അടക്കമുള്ളവര്‍ പങ്കെടുത്ത യാത്രയയപ്പ് യോഗത്തിലേയ്ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ക്ഷണിക്കാതെ എത്തിയിരുന്നു. ചെങ്ങളായിയില്‍ പെട്രോള്‍ പമ്പ് ആരംഭിക്കുന്നതിന് അനുവദിച്ച എന്‍ ഒ സിയുമായി ബന്ധപ്പെട്ട് ദിവ്യ ഗുരുതരമായ ആരോപണം ഉന്നയിച്ചിരുന്നു. അനുമതി നല്‍കുന്നത് മാസങ്ങളോളം വൈകിപ്പിച്ചുവെന്നും സ്ഥലം മാറിപ്പോകുന്നതിനു തൊട്ടുപിന്നാലെയാണ് എന്‍ ഒ സി അനുവദിച്ചതെന്നും ഇതില്‍ അഴിമതിയുണ്ടെന്നും ദിവ്യ ആരോപിച്ചിരുന്നു. പുതിയ ജോലി സ്ഥലമായ പത്തനംതിട്ടയില്‍ ഇങ്ങനെ ആകരുതെന്നും ദിവ്യ യോഗത്തില്‍ പറഞ്ഞു. ഉപഹാരം നല്‍കുമ്പോള്‍ നില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നു പറഞ്ഞാണ് ദിവ്യ വേദി വിട്ടത്.
