തിരുവനന്തപുരം: ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ മാത്രം മതിയെന്ന നിലപാട് തിരുത്തി സര്‍ക്കാര്‍. ശബരിമലയില്‍ സ്പോട് ബുക്കിങ് തുടരുമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ഓണ്‍ലൈനായി ബുക്ക് ചെയ്യാതെ വരുന്നവര്‍ക്കും ഇനി ദര്‍ശനത്തിന് സൗകര്യമൊരുക്കും. വി.ജോയ് എംഎല്‍എയുടെ സബ്മിഷന് മറുപടി നല്‍കവേയാണ് മുഖ്യമന്ത്രി തീരുമാനം മാറ്റിയത്. തീര്‍ഥാടകര്‍ക്ക് സൗകര്യപ്രദവും സുരക്ഷിതവുമായ രീതിയില്‍ സൗകര്യം ഉറപ്പാക്കാന്‍ അവലോകന യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. സ്‌പോട്ട് ബുക്കിങ് വിവാദത്തില്‍ ശബരിമല വീണ്ടും സംഘര്‍ഷഭൂമിയായേക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രതിപക്ഷത്തിന്റെയും, സിപിഐയുടെയുമെല്ലാം ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് തീരുമാനം. വര്‍ഗ്ഗീയ വാദികള്‍ മുതലെടുക്കുമെന്ന് ചൂണ്ടിക്കാട്ടി ഒടുവില്‍ സിപിഎമ്മും സര്‍ക്കാര്‍ നിലപാടിനെതിരെ രംഗത്തെത്തിയിരുന്നു. വിവിധ സംഘടനകള്‍ ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് അനുവദിക്കണം എന്നാവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു. ഇവര്‍ പ്രത്യക്ഷ സമരത്തിന് ഇറങ്ങാന്‍ തുടങ്ങിയതോടെയാണ് സര്‍ക്കാര്‍ അയഞ്ഞത്.
