കാസര്‍കോട്: എസ് ഐ ചമഞ്ഞ് എത്തിയ ആള്‍ ലോട്ടറി സ്റ്റാളില്‍ നിന്നു 2000 രൂപയും 40 രൂപയുടെ 20 ടിക്കറ്റുകളും കൈക്കലാക്കി മുങ്ങിയതായി പരാതി. സംഭവത്തില്‍ ബദിയഡുക്ക പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബദിയഡുക്ക, പടിയടുപ്പിലെ ശിവപ്പനായികിന്റെ ഭാര്യ ശാന്തയുടെ പരാതി പ്രകാരമാണ് കേസ്. ശനിയാഴ്ച ഉച്ചയ്ക്ക് 1.30 മണിക്കാണ് സംഭവം.
സ്‌കൂട്ടറില്‍ ലോട്ടറി സ്റ്റാളില്‍ എത്തിയ ആള്‍ ബദിയഡുക്ക എസ് ഐ ആണെന്നാണ് ശാന്തയോട് പറഞ്ഞത്. തുടര്‍ന്ന് സാമ്പത്തിക-കുടുംബ കാര്യങ്ങളെ കുറിച്ച് സംസാരിച്ച ശേഷം 1.45 പവന്‍ തൂക്കമുള്ള സ്വര്‍ണ്ണമാല കളഞ്ഞു കിട്ടിയിട്ടുണ്ടെന്നും അവകാശികളാരും എത്തിയില്ലെന്നും പറഞ്ഞു. ഇത്തരത്തിലുള്ള സ്വര്‍ണ്ണം പാവങ്ങള്‍ക്ക് കൊടുക്കുകയാണ് പതിവെന്നും ഇത്തവണ ശാന്തയ്ക്ക് നല്‍കാന്‍ ആഗ്രഹിക്കുന്നതായും അറിയിച്ചു. തൊട്ടുപിന്നാലെ തന്നെ 5000 രൂപ ചോദിച്ചു. അല്‍പ്പസമയം കഴിഞ്ഞ് തിരിച്ചു നല്‍കാമെന്നും പറഞ്ഞു. പണം ഇല്ലെന്നും ഗൂഗിള്‍ പേ വഴി തരാമെന്നും ശാന്ത മറുപടി നല്‍കി. തന്റെ ഗൂഗിള്‍ പേ ബ്ലോക്കാണെന്നാണ് വിരുതന്‍ നല്‍കിയ മറുപടി. ഇതിനിടയില്‍ ഏതാനും പേര്‍ സ്റ്റാളില്‍ എത്തി ലോട്ടറി ടിക്കറ്റ് വാങ്ങിച്ചു. ഇതുവഴി കിട്ടിയ 2000 രൂപയും 20 ലോട്ടറി ടിക്കറ്റും ശാന്തയില്‍ നിന്നു സൂത്രത്തില്‍ വാങ്ങിച്ച് ഇപ്പം വരാമെന്നു പറഞ്ഞു സ്‌കൂട്ടറില്‍ പോയ ആള്‍ തിരിച്ചെത്തിയില്ല. ഇതോടെയാണ് താന്‍ വഞ്ചിക്കപ്പെട്ടതായി ശാന്തയ്ക്കു ബോധ്യമായത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. പൊലീസെത്തി ടൗണിലെ വിവിധ ഭാഗങ്ങളിലുള്ള സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചു. എസ് ഐ ചമഞ്ഞെത്തിയ ആളെ കുറിച്ച് സൂചന ലഭിച്ചതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് നീര്‍ച്ചാലിലും സമാന രീതിയിലുള്ള തട്ടിപ്പ് നടന്നിരുന്നു. ലോട്ടറി സ്റ്റാളില്‍ നിന്നു 1250 രൂപയും തട്ടുകടയില്‍ നിന്നു 2000 രൂപയുമാണ് അന്ന് തട്ടിയെടുത്തത്. വായ്പ തരപ്പെടുത്തി തരാമെന്നു പറഞ്ഞായിരുന്നു അന്നത്തെ തട്ടിപ്പ്.