തിരുവനന്തപുരം: കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലില്‍ നിന്നും ചെയ്യാത്ത സേവനത്തിന്റെ പേരില്‍ മാസപ്പടി വാങ്ങിയെന്ന കേസില്‍ നിര്‍ണായക നീക്കം. സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ടീം മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ മൊഴിയെടുത്തു. കഴിഞ്ഞ ബുധനാഴ്ച്ചയാണ് ചെന്നൈയിലെ ഓഫീസിലെത്തി എസ് എഫ് ഐ ഒ അന്വേഷണ ഉദ്യോഗസ്ഥന്‍ അരുണ്‍ പ്രസാദ് വീണാ വിജയനില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചത്. കേസ് ഏറ്റെടുത്ത് 10 മാസത്തിനു ശേഷമാണ് നടപടി. രണ്ടു വട്ടം വീണയില്‍ നിന്നും മൊഴിയെടുത്തതായാണ് സൂചന.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ എക്‌സാലോജിക് കമ്പനിയുമായുമായി ബന്ധപ്പെട്ട മാസപ്പടിക്കേസിലാണ് എസ് എഫ് ഐ ഒ അന്വേഷണം നടക്കുന്നത്. കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലില്‍ നിന്നും വീണ വിജയന്‍ ചെയ്യാത്ത സേവനത്തിന്റെ പേരില്‍ മാസപ്പടിയായി പണ ഇടപാട് നടത്തിയെന്നാണ് കേസ്. നേരത്തേ സ്വകാര്യ കരിമണല്‍ കമ്പനിയുമായുള്ള ഇടപാടുകളില്‍ എസ്.എഫ്.ഐ.ഒ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് വീണ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. മാസപ്പടി കേസില്‍ തനിക്ക് ബന്ധമില്ലെന്നാണ് വീണയുടെ നിലപാട്. താന്‍ ഐടി പ്രൊഫഷണല്‍ മാത്രമാണെന്നും രാഷ്ട്രീയ പാര്‍ട്ടികളുമായി തനിക്ക് ബന്ധമില്ലെന്നും വീണ വ്യക്തമാക്കിയിരുന്നു.
വീണയ്‌ക്കെതിരായ മാസപ്പടി കേസില്‍, സിഎംആര്‍എല്ലില്‍ നിന്നും കെഎസ്‌ഐഡിസിയില്‍ നിന്നും നേരത്തെ എസ് എഫ് ഐ ഒ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. വീണയുടെ കമ്പനിയായ എക്‌സാലോജിക്കും കെഎസ്‌ഐഡിസിയുമടക്കം അന്വേഷണത്തിനെതിരെ കോടതിയെ സമീപിച്ചിരുന്നു. സിഎംആര്‍എല്‍ ആര്‍ക്കൊക്കെ പണം, എന്തിനൊക്കെ പണം നല്‍കിയെന്നത് അന്വേഷിക്കണം എന്നാണ് പരാതിക്കാരനായ ഷോണ്‍ ജോര്‍ജ്ജിന്റെ പ്രധാന ആവശ്യം. 2016-17 മുതലാണ് എക്‌സാലോജിക്കിനു ശശിധരന്‍ കര്‍ത്തായുടെ കരിമണല്‍ കമ്പനി അക്കൗണ്ട് വഴി പണം കൈമാറിയത്. ശശിധരന്‍ കര്‍ത്തയുടെ കൊച്ചി മിനറല്‍സ് ആന്റ് റൂട്ടെല്‍ ലിമിറ്റഡ് വീണയുടെ കമ്പനിയ്ക്ക് 1.72 കോടി രൂപ നല്‍കിയതിന്റെ രേഖകള്‍ പുറത്തുവന്നിരുന്നു.
