കൊല്ലം: ചലച്ചിത്ര, ടെലി സീരിയല്‍ നടന്‍ ടിപി മാധവന്‍ അന്തരിച്ചു. 89 വയസായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. കഴിഞ്ഞ ദിവസം ഉദരസംബദ്ധമായ അസുഖത്തെ തുടര്‍ന്ന് ശസ്ത്രക്രിയ്ക്ക് വിധേയനാക്കിയിരുന്നു.തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. താരസംഘടനയായ അമ്മയുടെ ആദ്യ ജനറല്‍ സെക്രട്ടറിയായിരുന്നു. നാടോടിക്കാറ്റ്, സന്ദേശം, വിയറ്റ്‌നാം കോളനി, പപ്പയുടെ സ്വന്തം അപ്പൂസ്, കല്യാണരാമന്‍, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, താണ്ഡവം, നരസിംഹം തുടങ്ങി 600 ഓളം സിനിമകളില്‍ അഭിനയിച്ചിരുന്നു. തിരുക്കോട് പരമേശ്വരന്‍ മാധവന്‍ എന്നറിയപ്പെടുന്ന ടി.പി. മാധവന്‍ 1935 നവംബര്‍ ഏഴിനാണ് ജനിച്ചത്. 1975ല്‍ രാഗം എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്ത് എത്തി. ശാരീരിക അവശതകളെ തുടര്‍ന്ന് 2016-ല്‍ സിനിമാഭിനയ രംഗത്ത് നിന്ന് വിരമിച്ചു. 2016 മുതല്‍ പത്തനാപുരം ഗാന്ധി ഭവനില്‍ വിശ്രമജീവിതത്തിലായിരുന്നു. തിരുവനന്തപുരത്തെ ഒരു ലോഡ്ജ് മുറിയില്‍ ആശ്രയമില്ലാതെ കഴിയുമ്പോഴാണ് സീരിയല്‍ സംവിധായകന്‍ പ്രസാദ്, മാധവനെ ഗാന്ധിഭവനില്‍ എത്തിക്കുന്നത്. ഗാന്ധിഭവനില്‍ എത്തിയ ശേഷം ചില സീരിയലുകളിലും സിനിമകളിലും അദ്ദേഹം അഭിനയിച്ചു. പിന്നീട് മറവിരോഗം ബാധിക്കുകയായിരുന്നു. പ്രശസ്ത അധ്യാപകന്‍ പ്രഫ. എന്‍ പി പിള്ളയുടെ മകനാണ് ടി പി മാധവന്‍. തിരുവനന്തപുരം വഴുതക്കാട് സ്വദേശിയാണ്. ബോളിവുഡ് സംവിധായകന്‍ രാജകൃഷ്ണ മേനോന്‍ മകനാണ്. സംസ്‌കാരം വ്യാഴാഴ്ച വൈകിട്ട് ശാന്തികവാടത്തില്‍ നടക്കും.