കാസര്‍കോട്: പയ്യന്നൂര്‍ പൊലീസ് സബ്ഡിവിഷന്‍ പരിധിയിലെ കുഞ്ഞിമംഗലത്തു നിന്നു 13 വയസ്സുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി. പെണ്‍കുട്ടിയെ കയറ്റിയ സ്‌കൂട്ടര്‍ കാസര്‍കോട് ജില്ല വഴി കര്‍ണ്ണാടകയിലേക്ക് കടക്കാന്‍ സാധ്യതയുള്ളതായും ജാഗ്രത പാലിക്കണമെന്നും പൊലീസ് നിര്‍ദ്ദേശം നല്‍കി. കര്‍ണ്ണാടക രജിസ്‌ട്രേഷനിലുള്ളതാണ് സ്‌കൂട്ടര്‍. നമ്പര്‍ ഒറിജിനല്‍ ആണോയെന്നു വ്യക്തമല്ല. കണ്ണൂര്‍ പൊലീസിന്റെ അറിയിപ്പിനെ തുടര്‍ന്ന് കാസര്‍കോട് ജില്ലയില്‍ കര്‍ണ്ണാടക സംസ്ഥാനവുമായി അതിര്‍ത്തി പങ്കിടുന്ന പ്രധാനറോഡുകളില്‍ പൊലീസ് ജാഗ്രത പ്രഖ്യാപിച്ചു. രാജപുരം, ആദൂര്‍, ബദിയഡുക്ക, മഞ്ചേശ്വരം പൊലീസ് സ്റ്റേഷനുകള്‍ക്കാണ് ജാഗ്രതയ്ക്കു നിര്‍ദ്ദേശം നല്‍കിയത്. പെണ്‍കുട്ടിയുടെ അടുത്ത ബന്ധുവായ ഒരു യുവാവാണ് തട്ടിക്കൊണ്ടു പോയതെന്നാണ് പൊലീസിനു ലഭിച്ചിട്ടുള്ള വിവരം. വിവരമറിഞ്ഞ് പയ്യന്നൂര്‍ പൊലീസ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി രക്ഷിതാക്കളില്‍ നിന്നു മൊഴിയെടുത്തു.
