കാസര്‍കോട്: പൊലീസ് കസ്റ്റഡിയിലുള്ള ഓട്ടോ വിട്ടുകിട്ടാത്തതുമൂലമുള്ള മനോവിഷമം കാരണം ഡ്രൈവര്‍ അബ്ദുല്‍ സത്താര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസിന് വീഴ്ചയുണ്ടോയെന്ന് അന്വേഷിക്കാന്‍ കാസര്‍കോട് അഡീഷണല്‍ എസ്.പി പി ബാലകൃഷ്ണന്‍ നായരെ ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ ചുമതലപ്പെടുത്തി. ഡ്രൈവറുടെ മരണം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി ഉത്തംദാസിന്റെ നേതൃത്വത്തില്‍ അന്വേഷിക്കും. ആരോപണ വിധേയനായ എസ് ഐ പി അനൂബിനെ ചന്തേരയിലേക്ക് തിങ്കളാഴ്ച രാത്രി തന്നെ സ്ഥലം മാറ്റിയിരുന്നു. അഞ്ചുദിവസം മുമ്പാണ് അബ്ദുല്‍ സത്താറിന്റെ ഓട്ടോ ടൗണ്‍ എസ് ഐ പി അനൂബും സംഘവും കസ്റ്റഡിയിലെടുത്തത്. ടൗണ്‍പൊലീസ് ഓട്ടോ പിടിച്ചുവച്ചെന്നും വിട്ടുനല്‍കാതെ മാനസീകമായി ബുദ്ധിമുട്ടിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി ഫേസ്ബുക്കില്‍ വിഡിയോ പോസ്റ്റ് ചെയ്താണ് അബ്ദുല്‍ സത്താര്‍ ആത്മഹത്യ ചെയ്തത്. വിഡിയോ ശ്രദ്ധയില്‍പെട്ട ആളുകള്‍ ക്വാര്‍ട്ടേഴ്‌സില്‍ എത്തിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടത്. അതേസമയം വണ്ടി വിട്ടുനല്‍കാന്‍ ഡിവൈ.എസ്.പി നിര്‍ദേശിച്ച ശേഷം അബ്ദുല്‍ സത്താര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയില്ലെന്ന് പൊലീസും പറയുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം രാത്രി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

സാധാരണക്കാരായ ജനങ്ങളെ സംരക്ഷിക്കുന്നതിനു പകരം അധികാരത്തിൻ്റെ ഹുങ്ക് കാണിക്കുന്ന ഇത്തരം നിയമപാലകരെ ഒറ്റപ്പെടുത്തണം