പിടിച്ചെടുത്ത ഓട്ടോ നാലുദിവസം കഴിഞ്ഞിട്ടും എസ് ഐ വിട്ടുകൊടുത്തില്ല; മനോവിഷമത്തിൽ ഓട്ടോഡ്രൈവർ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ചു, കാസർകോട് നഗരത്തിൽ ഓട്ടോ ഡ്രൈവർമാർ പണിമുടക്കി

കാസർകോട്: നാല് ദിവസം മുമ്പ് ഓട്ടോ പൊലീസ് കസ്റ്റഡിയിലെടുത്തതിന്റെ മനോവിഷമത്തിൽ കഴിയുകയായിരുന്ന ഡ്രൈവറെ ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് റെയിൽവേ സ്റ്റേഷൻ റോഡിലെ ക്വാർട്ടേഴ്സിൽ താമസക്കാരനും കർണാടക സ്വദേശിയുമായ അബ്ദുൽ സത്താർ(55) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. മൂന്ന് വർഷത്തോളമായി റെയിൽവേ സ്റ്റേഷൻ റോഡിലെ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഇദ്ദേഹം നഗരത്തിൽ ഓട്ടോറിക്ഷ ഓടിച്ച് കുടുംബം പുലർത്തുകയായിരുന്നു. നാല് ദിവസം മുമ്പ് വൈകീട്ട് മണിയോടെ കാസർകോട് ഗീത ജംഗ്ഷനിലെ റോഡിൽ വെച്ച് അബ്ദുൽ സത്താറിന്റെ ഓട്ടോ പൊലീസ് പിടികൂടിയിരുന്നു. ഓട്ടോ പൊതുജനങ്ങൾക്കും യാത്രക്കാർക്കും മാർഗതടസ്സം ഉണ്ടാക്കുന്ന വിധം റോഡിന്റെ മധ്യത്തിൽ നിർത്തിയെന്ന എന്ന കാരണത്താൽ ഓട്ടോ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ എത്തിച്ചിരുന്നു. വായ്പ‌ എടുത്താണ് ഓട്ടോ വാങ്ങിയതെന്നും വാഹനം വിട്ടുതരണമെന്നും ആവശ്യപ്പെട്ട് പലതവണ പൊലീസ് സ്റ്റേഷനിലേക്ക് പോയെങ്കിലും ഓട്ടോ വിട്ടുകൊടുക്കാൻ എസ് ഐ തയ്യാറായില്ലെന്നാണ് ആക്ഷേപം. പിന്നീട് സഹപ്രവർത്തകരായ മറ്റ് ഡ്രൈവർമാർക്കൊപ്പം കാസർകോട് ഡിവൈ.എസ്‌.പി ഓഫീസിൽ എത്തി അദ്ദേഹവുമായി സംസാരിച്ചതിനെ തുടർന്ന് ഓട്ടോ വിട്ടുകൊടുക്കാൻ തീരുമാനമായിരുന്നു. തിരിച്ച് സ്റ്റേഷനിൽ എത്തിയപ്പോൾ പല കാരണങ്ങൾ പറഞ്ഞ് ഓട്ടോ വിട്ടുകൊടുക്കാതെ തടഞ്ഞുവെക്കുകയായിരുന്നുവെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. ഇതിന് പിന്നാലെയാണ് തിങ്കളാഴ്ച വൈകീട്ടോടെ അബ്‌ദുൽ സത്താറിനെ ക്വാർട്ടേഴ്സിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം അറിഞ്ഞ ഡ്രൈവർമാർ സംഘടിക്കുകയും ഇൻക്വസ്റ്റ് നടപടിക്കെത്തിയ പൊലീസിനെ തടയുകയും ചെയ്‌തു. 250 രൂപ പിഴയടച്ച് വിട്ടുകൊടുക്കേണ്ട ഓട്ടോ പൊലീസ് അനാവശ്യമായി പിടിച്ചുവെച്ചതെന്നാണ് പ്രതിഷേധക്കാർ കുറ്റപ്പെടുത്തുന്നത്. ഓട്ടോ ഡ്രൈവറുടെ മരണത്തെ തുടർന്ന് നഗരത്തിലെ മുഴുവൻ ഓടോറിക്ഷകളും ഓട്ടം നിർത്തി പണിമുടക്കി. പണിമുടക്കിയ ഡ്രൈവർമാർ കാസർകോട് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ചും നടത്തി. കാസർകോട് ഡിവൈഎസ്പി സി കെ സുനിൽ കുമാറിന്റെ നേതൃത്വത്തിൽ സമരക്കാരുമായി ചർച്ച നടത്തി. സംഭവത്തിൽ വേണ്ട നടപടി എടുക്കുമെന്ന് സമരക്കാർക്ക് ഡിവൈഎസ്പി ഉറപ്പു നൽകി. ഹസീനയാണ് അബ്ദുൽ സത്താറിന്റെ ഭാര്യ. സന, സാനിഷ്, ഷംന എന്നിവർ മക്കളാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കുമ്പള ദേശീയപാതയില്‍ ഡിവൈഡര്‍ നിര്‍മ്മാണത്തിനായി സ്ഥാപിച്ച ഇരുമ്പുകമ്പി വില്ലനായി; കാര്‍ യാത്രക്കാരുടെ ദേഹത്തേക്ക് കമ്പി തുളച്ചുകയറി, പരിക്കേറ്റ ബേക്കല്‍, മൗവ്വല്‍ സ്വദേശികള്‍ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍

You cannot copy content of this page