കോഴിക്കോട്: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ കുടുംബവും ലോറി ഉടമ മനാഫിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ത്തിയപ്പോള്‍ സോഷ്യല്‍ മീഡിയ മനാഫിനൊപ്പമായിരുന്നു. 10000 സബ്‌സ്‌ക്രൈബര്‍മാരുണ്ടായിരുന്ന മനാഫിന്റെ യുട്യൂബ് ചാനലിന് 20 മണിക്കൂറിനുള്ളില്‍ വര്‍ധിച്ചത് 1.76 ലക്ഷം. അര്‍ജുനുവേണ്ടി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്റെ വിവരങ്ങള്‍ മനാഫ് പങ്കുവച്ച ‘ലോറി ഉടമ മനാഫ്’
എന്ന യുട്യൂബ് ചാനലിനാണ് ഒരുദിവസം കൊണ്ട് സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണം വര്‍ധിച്ചുവന്നത്. അര്‍ജുന്‍ എന്ന വൈകാരികതയെ യൂട്യൂബ് ചാനലിലൂടെ വില്‍ക്കുകയാണ് മനാഫെന്നും പിആര്‍ ഏജന്‍സി പോലെയാണ് മനാഫെന്നും അര്‍ജുന്റെ കുടുംബം ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു.
അര്‍ജുന്റെ പേരില്‍ ഫണ്ട് സ്വരൂപിക്കുന്നുവെന്നും അര്‍ജുന്റെ സഹോദരീഭര്‍ത്താവ് ജിതിനും അര്‍ജുന്റെ സഹദരന്‍ അഭിജിത്തും ആരോപിച്ചിരുന്നു. എന്നാല്‍ അതെല്ലാം നിഷേധിക്കുകയായിരുന്നു മനാഫ്.
എത്ര ക്രൂശിച്ചാലും താന്‍ ചെയ്തതെല്ലാം നിലനില്‍ക്കുമെന്ന് മനാഫ് പറഞ്ഞു. തെറ്റ് ചെയ്തെങ്കില്‍ കല്ലെറിഞ്ഞ് കൊന്നോട്ടെ. തന്റെ യൂട്യൂബ് ചാനലില്‍ ഇഷ്ടമുള്ളത് ഇടുമെന്നും മനാഫ് പറഞ്ഞു. കൂടാതെ ഫണ്ട് പിരിവ് നടത്തിയിട്ടില്ലെന്നും മനാഫ് വിശദമാക്കി. യൂട്യൂബ് ചാനല്‍ തുടങ്ങുന്നതില്‍ എന്താണ് തെറ്റെന്നും മനാഫ് ചോദിച്ചു. ഷിരൂരില്‍ എത്തിയ ശേഷമാണ് യൂട്യൂബ് ചാനല്‍ തുടങ്ങിയത്. യൂട്യൂബ് ചാനലില്‍ ഇഷ്ടമുള്ളത് ഇടും. അത് ചോദ്യം ചെയ്യാന്‍ ആര്‍ക്കാണ് അവകാശമെന്ന് ചോദിച്ച മനാഫ് അര്‍ജുന്റെ ചിത അണയും മുമ്പ് ക്രൂശിക്കുന്നത് എന്തിനാണെന്നും ചോദിച്ചു. മനാഫിന്റെ മറുപടിക്ക് നിറഞ്ഞ കയ്യടിയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. മനാഫിന്റെ മറുപടിക്ക് ശേഷമാണ് ഒറ്റയടിക്കു പത്തായിരത്തില്‍ നിന്ന് ഒരുലക്ഷത്തി എഴുപതിനായിരത്തിലേക്ക് സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണം വര്‍ധിച്ചത്. വൈകീട്ടോടെ 2 ലക്ഷം കടക്കുമെന്നാണ് സൂചന. 13 ദിവസം മുന്‍പാണ് ചാനലില്‍ നിന്ന് അവസാനമായി വിഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. അര്‍ജുനുവേണ്ടിയുള്ള തിരച്ചില്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്നതിനും യഥാര്‍ഥ വിവരങ്ങള്‍ ജനങ്ങളെ അറിയിക്കുന്നതിനുമാണു ചാനല്‍ തുടങ്ങിയതെന്നാണ് മനാഫിന്റെ വിശദീകരണം.
