മുംബൈ: മാതാവിനെ കൊന്ന് ശരീരഭാഗങ്ങള്‍ പാചകം ചെയ്ത് ഭക്ഷിച്ച കേസിലെ പ്രതിക്ക് കോലാപുര്‍ കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി ശരിവച്ചു. മകന്‍ സുനില്‍ കുച്ച്‌കൊരവി(42)യുടെ വധ ശിക്ഷയാണ് ശരിവച്ചത്. സമൂഹ മനഃസാക്ഷിയെ ഞെട്ടിച്ച നരഭോജന കേസാണിതെന്നും ക്രൂരവും പ്രാകൃതവുമായ കുറ്റകൃത്യത്തിന് വധശിക്ഷ തന്നെ നല്‍കണമെന്നും ജസ്റ്റിസുമാരായ രേവതി മൊഹിതേ ദേരെ, പൃഥ്വിരാജ് ചവാന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. പ്രതി മാതാവിനെ കൊലപ്പെടുത്തുക മാത്രമല്ല, അവരുടെ തലച്ചോറ്, ഹൃദയം, കരള്‍, വൃക്ക, കുടല്‍ എന്നിവ നീക്കം ചെയ്യുകയും പാകം ചെയ്യുകയും ചെയ്തിരുന്നു. വാരിയെല്ലുകളും പാകം ചെയ്തിരുന്നു. ‘ഇത് നരഭോജന കേസാണ്, അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. കുറ്റവാളിക്ക് ജീവപര്യന്തം തടവ് ലഭിച്ചാല്‍, അയാള്‍ ജയിലിലും സമാനമായ കുറ്റകൃത്യം ചെയ്‌തേക്കാം. കുറ്റക്കാരനോട് ദയ കാണിക്കാനാവില്ല. അമ്മയുടെ ജനനേന്ദ്രിയം പോലും കീറിമുറിച്ചയാളാണു പ്രതി. ആ അമ്മ അനുഭവിക്കേണ്ടി വന്ന പീഡനവും വേദനയും സങ്കല്‍പിക്കാന്‍ പോലും കഴിയുന്നതല്ല”- കോടതി പറഞ്ഞു. 2017 ഓഗസ്റ്റ് 28നാണ് 63 കാരിയായ മാതാവിനെ യുവാവ് ക്രൂരമായി കൊലപ്പെടുത്തിയത്. മുംബൈയില്‍ നിന്നു 400 കിലോമീറ്റര്‍ അകലെ കോലാപുരിലെ വീട്ടില്‍ വച്ചാണ് കൊല നടത്തിയത്. മദ്യത്തിന് അടിമയായ ഇയാളെ ഭാര്യ ഉപേക്ഷിച്ച് മൂന്നു മക്കളുമായി തന്റെ വീട്ടിലേക്കു താമസം മാറിയിരുന്നു. ഇതോടെ മാതാവിന് നേരെയുള്ള ഉപദ്രവം വര്‍ധിച്ചു. മദ്യപിക്കാന്‍ പണത്തിനായി, മാതാവിന്റെ നാമമാത്ര പെന്‍ഷന്‍ ആവശ്യപ്പെട്ട് കലഹം പതിവായിരുന്നുവെന്ന് പറയുന്നു. അയല്‍വാസിയായ 8 വയസ്സുകാരിയാണ് സ്ത്രീയെ രക്തത്തില്‍കുളിച്ച നിലയില്‍ ആദ്യം കണ്ടത്. പിന്നീട് സമീപവാസികളെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തിയപ്പോള്‍ സുനില്‍ മൃതദേഹം മുറിച്ച് ശരീരഭാഗങ്ങള്‍ പാചകം ചെയ്യുകയായിരുന്നു. 2021 ലാണ് കോലാപുര്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്. പുനെ യേര്‍വാഡ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന സുനിലിനെ വിഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് ഹൈക്കോടതി വിധിയെക്കുറിച്ച് അറിയിച്ചത്.