ന്യൂദെല്‍ഹി: നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ തൊടുത്തുവിട്ട രാഷ്ട്രീയ ആരോപണങ്ങളില്‍ ഒടുവില്‍ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊളിറ്റ്ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാന്‍ ന്യൂദെല്‍ഹിയില്‍ എത്തിയ അദ്ദേഹം ആകസ്മികമായാണ് മാധ്യമപ്രവര്‍ത്തകരെ കണ്ടത്.
അന്‍വറിന്റെ ആരോപണങ്ങളെല്ലാം തള്ളിക്കളയുന്നു. നേരത്തെ സംശയിച്ച പോലെയാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്. ആരോപണങ്ങള്‍ പാര്‍ട്ടിക്കും ഇടതു മുന്നണിക്കും സര്‍ക്കാരിനും എതിരെയാണ്. അപകീര്‍ത്തിപ്പെടുത്തുന്ന ആരോപണങ്ങളാണ് അന്‍വര്‍ നടത്തിയത്-മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ആരോപണങ്ങളെ കുറിച്ച് പിന്നീട് വിശദമായി പറയാം. ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ നേരത്തെ തീരുമാനിച്ച അന്വേഷണങ്ങള്‍ തുടരും-മുഖ്യമന്ത്രി പറഞ്ഞു. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞു 2.30ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനം നടത്തുമെന്നു വ്യക്തമാക്കിയിരുന്നു. ഇതിനു മുന്നോടിയായാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. എം.വി ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു മുഖ്യമന്ത്രി പ്രതികരണം നടത്തിയത്. എന്നാല്‍ പത്രപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് അദ്ദേഹം പൂര്‍ണ്ണമായി പിന്മാറി. ഇപ്പോള്‍ ഇത്രയേ പറയാനുള്ളു-അദ്ദേഹം പറഞ്ഞു.