കോഴിക്കോട്: ക്ഷേത്രത്തിലെത്തിയ 17കാരിയായ വിദ്യാര്‍ഥിനിക്ക് നേരേ ലൈംഗികാതിക്രമം. സംഭവത്തില്‍ ക്ഷേത്ര പൂജാരി അറസ്റ്റില്‍. പേരാമ്പ്ര മുതുവണ്ണാച്ച കിളച്ചപറമ്പില്‍ വിനോദി(50)നെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 20ന് ഉച്ചയോടെ ബന്ധുക്കള്‍ക്കൊപ്പമാണ് വിദ്യാര്‍ഥിനി ക്ഷേത്രത്തില്‍ എത്തിയത്. പഠനപ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് പെണ്‍കുട്ടി പൂജാരിയെ കാണാനെത്തിയതെന്നും പൊലിസ് അറിയിച്ചു. പെണ്‍കുട്ടിയെ മാത്രം ക്ഷേത്രത്തിലെ മുറിയിലേക്ക് വിളിച്ച് സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നാണ് പരാതി. പെണ്‍കുട്ടി മാതാപിതാക്കളോട് ഇക്കാര്യം അറിയിച്ചതിനെത്തുടര്‍ന്ന് പേരാമ്പ്ര പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. പാലേരി വേങ്ങശ്ശേരിക്കാവ് മഹാവിഷ്ണു ക്ഷേത്രത്തിലെ പൂജാരിയാണ് വിനോദ്. പേരാമ്പ്ര പൊലിസ് ഇന്‍സ്‌പെക്ടര്‍ പി ജംഷീദ്, എസ്ഐ പി ഷമീര്‍ തുടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.