കാസര്‍കോട്: ഇരിയണ്ണിയില്‍ ഭീതി പരത്തിയ പുലിയെ കൂടുവച്ചു പിടിക്കാനുള്ള വനപാലകരുടെ ശ്രമം ആരംഭിച്ചതിനു പിന്നാലെ കിനാനൂര്‍-കരിന്തളത്തും പുലിയിറങ്ങിയതായി സംശയം. കരിന്തളം, ചോയ്യങ്കോട്, കക്കോലില്‍ പുലി പട്ടാപ്പകല്‍ നടന്നു പോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ നാട്ടുകാര്‍ ഭീതിയിലായി. കക്കോലിലെ പാറപുറത്തുള്ള പള്ളത്തിനു സമീപത്തു കൂടി പുലി നടന്നു പോകുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. വ്യാഴാഴ്ച രാവിലെയോടെ ഇതുവഴി പോയ ജിഷ്ണു എന്നയാളാണ് പുലിയുടെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്. വിവരം പരന്നതോടെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.