കാസര്‍കോട്: ഒരു വര്‍ഷമായി ഇരിയണ്ണിയിലും പരിസരപ്രദേശങ്ങളിലും ഭീതി പരത്തിക്കൊണ്ടിരിക്കുന്നത് പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ആണ്‍ പുള്ളിപ്പുലിയാണെന്നു സ്ഥിരീകരിച്ചു. പുലിയെ പിടികൂടാന്‍ വെറ്റിനറി സര്‍ജന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം നിര്‍മ്മിച്ച കൂട് ബോവിക്കാനത്തെത്തിച്ചു. പുലിയെ പിടികൂടാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുമതി ലഭിച്ചതോടെയാണിത്.
ഒരു വര്‍ഷത്തോളമായി ഇരിയണ്ണി, മിന്നംകുളം, കാനത്തൂര്‍ ഭാഗങ്ങളില്‍ വളര്‍ത്തു നായ്ക്കളെയും പശുവിനെയും പുലി ആക്രമിച്ചിട്ടുണ്ട്. അടുത്ത കാലത്തായി പുലി വീടുകളില്‍ എത്തി വളര്‍ത്തുനായകളെ പിടികൂടുന്നത് പതിവായി. ഇതു നാട്ടുകാരെ ഭീതിയിലാഴ്ത്തി. നാട്ടിലിറങ്ങി ഭീതി വിതയ്ക്കുന്നത് പുലിയാണെന്നു സ്ഥിരീകരിക്കാന്‍ ഇരിയണ്ണിക്കു സമീപത്ത് രണ്ടാഴ്ച മുമ്പ് ക്യാമറ സ്ഥാപിച്ചിരുന്നു. പുലിയുടെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിയുകയും ചെയ്തു. അതിനു ശേഷം പുലിയുടെ യാത്രാവഴികള്‍ വനപാലകരുടെ സൂക്ഷ്മനിരീക്ഷണത്തിലാണ്. ഒരു സ്ഥലത്തു നില്‍ക്കാതെ കറങ്ങി നടക്കുന്ന സ്വഭാവക്കാരനായ ആണ്‍പുലിയെ ഏറ്റവുമൊടുവില്‍ കണ്ടത് കാനത്തൂര്‍, ബീട്ടിയടുക്കത്താണ്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.
പ്രത്യേകമായി നിര്‍മ്മിച്ച കൂട് ബോവിക്കാനത്തുള്ള ആര്‍.ആര്‍.ടി ഓഫീസിലാണ് സൂക്ഷിച്ചിട്ടുള്ളത്. കൂട് എവിടെ സ്ഥാപിക്കണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ചര്‍ച്ചകള്‍ തുടരുകയാണെന്ന് വനം വകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു.