കാസര്‍കോട്: കുമ്പളയിലെ പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ട സ്വകാര്യ ബസുകളില്‍ നിന്നു ഡീസലൂറ്റിയെടുത്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കര്‍ണ്ണാടക, ബണ്ട്വാളിലെ നോള ഹൗസില്‍ സജീറി(22)നെയാണ് കുമ്പള എസ്.ഐ. കെ. ശ്രീജേഷ് അറസ്റ്റു ചെയ്തത്. ഡീസല്‍ മോഷണകേസില്‍ പ്രതിയായതോടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയുമായി സമീപിച്ച സജീറിനോട് അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകാന്‍ കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു.
ആഗസ്ത് എട്ടിനു രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. കുമ്പള പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ടു സ്വകാര്യ ബസുകളില്‍ നിന്നു 285 ലിറ്റര്‍ ഡീസല്‍ മോഷ്ടിച്ചുവെന്നാണ് കേസ്. കേസില്‍ ഒന്നാം പ്രതിയായ പുത്തിഗെ, കട്ടത്തടുക്ക, മുഹിമ്മാത്ത് നഗറിലെ ഷുക്കൂറിനെ പൊലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു.