പിപി ചെറിയാന്‍
വാഷിങ്ടണ്‍: യുഎസിലെ പകുതിയോളം സംസ്ഥാനങ്ങളില്‍ കോവിഡ് വകഭേദം വ്യാപിച്ചിട്ടുണ്ടെന്ന് ലോക പകര്‍ച്ച വ്യാധി നിരീക്ഷണ മുന്നറിയിപ്പ് സ്ഥാപനമായ ജിഐഎസ്എഐഡി മുന്നറിയിച്ചു. യുഎസിലെ 25 സംസ്ഥാനങ്ങളില്‍ നിന്ന് ജിഐഎസ്എഐഡി യുടെ ആഗോള വൈറസ് ഡേറ്റാബേസില്‍ ലഭിച്ച പ്രാഥമിക ഡേറ്റകളില്‍ കോവിഡിന്റെ സ്വഭാവഘടനയുള്ള ഒരു കേസ് എങ്കിലും ഈ സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ന്യൂജേഴ്‌സിയിലെ ലാബുകളിലാണ് ഏറ്റവും കൂടുതല്‍ എക്‌സ്.ഇ.സി അണുബാധകള്‍ കണ്ടെത്തിയിട്ടുള്ളത്. കാലിഫോര്‍ണിയയില്‍ 15 ലധികവും വിര്‍ജീനിയയില്‍ മാത്രം ഇതുവരെ 10 കേസുകള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. നൊവാര്‍ക്ക്, ലിബര്‍ട്ടി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ കസ്റ്റംസ് ക്ലീയര്‍ ചെയ്യുന്ന യാത്രക്കാരുടെ സിഡിസി ടെസ്റ്റിങ് സാംപിളുകളില്‍ നിന്നാണ് ന്യൂജേഴ്‌സിയിലെ കണ്ടെത്തലുകള്‍ അധികവും. സാംപിളുകളില്‍ കൂടുതലും വിര്‍ജീനിയയുടെ തെക്ക് പടിഞ്ഞാറന്‍ ഭാഗത്തുള്ള ആശുപത്രികളില്‍ നിന്നാണ് എത്തുന്നതെന്ന് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മോളിക്കുലാര്‍ ഡയഗനോസ്റ്റിക്‌സ് ലാബ് മേധാവി കാര്‍ല ഫിന്‍കീല്‍ സ്റ്റീന്‍ പറഞ്ഞു. രോഗം കണ്ടെത്തിയവരുടെ ഡമോഗ്രാഫിക് ഡേറ്റ ഇന്‍സ്റ്റിറ്റ്യൂട്ടിന് ലഭിച്ചിട്ടില്ലാത്തിനാല്‍ രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയോ ചികില്‍സ ലഭ്യമാക്കുകയോ ചെയ്തിട്ടുണ്ടോയെന്ന് വ്യക്തമല്ലെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസമാണ് കോവിഡ് വകഭേദം യുഎസില്‍ കണ്ടെത്തിയത്. ഇപ്പോള്‍ കോവിഡ് വ്യാപന തോത് മന്ദഗതിയിലാണ്. എന്നാല്‍ ശൈത്യകാലമായ ജനുവരി പകുതിയോടെ രോഗവ്യാപനം ഉയര്‍ന്നേക്കാമെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ മോഡലര്‍മാര്‍ കരുതുന്നു.