ഓസോണിനെ സംരക്ഷിക്കാം …ജീവന്‍ നിലനിര്‍ത്താം…
സുനില്‍കുമാര്‍ കരിച്ചേരി
ഇന്ന് സെപ്തംബര്‍ 16. ലോക ഓസോണ്‍ സംരക്ഷണ ദിനം.
1994ല്‍ യു.എന്‍ പൊതുസഭ ചേര്‍ന്നാണ് സെപ്തംബര്‍ 16 ലോക ഓസോണ്‍ സംരക്ഷണ ദിനമായി ആചരിക്കാന്‍ തുടങ്ങിയത്. ഓസോണ്‍ സംരക്ഷണ ദിനാചരണം 30-ാം വര്‍ഷത്തിലെത്തി നില്‍ക്കുമ്പോഴും ആശങ്കകള്‍ നമ്മെ വിട്ടൊഴിയുന്നില്ല. കാലാവസ്ഥ വ്യതിയാനം നമ്മുടെ നാടിനെ ഉള്‍പ്പെടെ ഗ്രസിച്ചിരിക്കുന്ന കാഴ്ചയ്ക്ക് നാം സാക്ഷികളാകുന്നു. വര്‍ത്തമാനകാലത്ത് ലാഭം മാത്രം എന്തിനും മാനദണ്ഡമായി മാറുമ്പോള്‍ ആര്‍ത്തി മൂത്ത മനുഷ്യനെ നിലക്ക് നിര്‍ത്താന്‍ പ്രകൃതി ദുരന്തങ്ങളും മഹാമാരികളും പൊട്ടിപ്പുറപ്പെടുന്നു. ഓരോ വര്‍ഷവും ആയിരക്കണക്കിന് പ്രകൃതി ദുരന്തങ്ങളാണ് ലോകത്താകെ സംഭവിച്ചു കൊണ്ടിരിക്കുന്നത്. കൂനിന്‍മേല്‍ കുരു എന്ന പോലെ
കോവിഡ് -19 ഒരു വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയത്.
ഇതിനിടയിലും ഭൂമി മാതാവിന്റെ മാറ് പിളര്‍ന്ന് ചോരയും നീരും ഊറ്റി കുടിച്ചും മണ്ണും വിണ്ണും കടലും കായലും കുന്നും പുഴയും വില്‍പന ചരക്കാക്കിയും ആസ്തി വര്‍ധിപ്പിക്കാനുള്ള നെട്ടോട്ടത്തില്‍ തന്നെയാണ് മനുഷ്യകുലം.
ഭൗമോപരിതലത്തിന് മുകളിലായി വ്യാപിച്ചുകിടക്കുന്ന പ്രത്യേക അന്തരീക്ഷ ഘടനക്ക് മനുഷ്യന്റെ അനാവശ്യ ഇടപെടലുകള്‍ വലിയ തോതില്‍ ഭീഷണിയുയര്‍ത്തുന്നതായി ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ചിന്റെ (ഐ.പി.സി.സി) ഏറ്റവും പുതിയ പഠനങ്ങളും അടിവരയിട്ട് പറയുന്നു. ഇന്ത്യയുള്‍പ്പെടെ ഉള്ള രാജ്യങ്ങളിലെ 234 ശാസ്ത്രജ്ഞര്‍ എട്ടു കൊല്ലമെടുത്ത് തയ്യാറാക്കിയ നാലായിരത്തോളം പേജ് വരുന്ന ഐ.പി.സി.സി. ആറാം റിപ്പോര്‍ട്ട് പ്രകാരം മനുഷ്യരുടെ പ്രവൃത്തികള്‍ ആഗോള കാലാവസ്ഥയെ മുമ്പില്ലാത്ത വിധം മാറ്റി കൊണ്ടിരിക്കുകയാണെന്നും അതി തീവ്രമായ ഉഷ്ണവാതങ്ങളും വരള്‍ച്ചയും വെള്ളപ്പൊക്കവും കൊടുങ്കാറ്റും കൂടിക്കൂടി വരുമെന്നും മുന്നറിയിപ്പ് നല്‍കുന്നു. അന്തരീക്ഷമില്ലാത്ത ഭൂമി സങ്കല്‍പ്പങ്ങള്‍ക്കുമപ്പുറം ഭീതിയുണര്‍ത്തുന്നതാണെന്ന യാഥാര്‍ത്ഥ്യം ആര്‍ത്തി മൂത്ത മനുഷ്യര്‍ മറന്നു പോകുന്നു.
നൈട്രജന്‍, ഓക്‌സിജന്‍, ആര്‍ഗണ്‍, കാര്‍ബണ്‍ഡൈ ഓക്‌സൈഡ്, ഹീലിയം, ക്രിപ്‌റ്റോണ്‍, ഹൈഡ്രജന്‍, മീഥേന്‍, നൈട്രസ് ഓക്‌സൈഡ് തുടങ്ങി ഒട്ടനവധി വാതകങ്ങളുടെ കലവറയാണ് നമ്മുടെ അന്തരീക്ഷം. 78 ശതമാനം നൈട്രജനും, 21 ശതമാനം ഓക്‌സിജനും, ബാക്കി ഒരു ശതമാനം മേല്‍ പറഞ്ഞ നിരവധി വാതകങ്ങളുമാണ്.
ഭൗമാന്തരീക്ഷത്തെ പ്രധാനമായും നാലു പാളികളായി തരം തിരിച്ചിരിക്കുന്നു. ഭൂമിയുടെ ഉപരിതലത്തില്‍ നിന്നും ശരാശരി 12 കി.മീ. വരെയുള്ള ഭാഗത്തെ ട്രോപ്പോസ്ഫിയര്‍ എന്നും, 12 കി.മീ മുതല്‍ 50 കി.മി വരെയുള്ള ഭാഗം സ്ട്രാറ്റോസ്ഫിയര്‍ എന്നും, 50 കി.മീ മുതല്‍ 80 കി.മീ. വരെ വ്യാപിച്ചുകിടക്കുന്ന പാളിയെ മീസോസ്ഫിയര്‍ എന്നും അതിനും മുകളിലോട്ട് വ്യാപിച്ചുകിടക്കുന്ന ഭാഗം പൊതുവില്‍ തെര്‍മ്മോസ്ഫിയര്‍ എന്നും അറിയപ്പെടുന്നു. ഭൂമിയിലെ ജീവന്റെ നിലനില്‍പ്പിന് അനുകൂല സ്ഥിതി ഉണ്ടാക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിക്കുന്നത്
സ്ട്രാറ്റോസ്ഫിയറിലുള്ള ഓസോണ്‍ വാതകമാണ്. ഉദ്ദേശം 25 കി.മീ മുതല്‍ 40 കി.മീ വരെയുള്ള ഈ ഭാഗം ‘ഓസോണോ* സ്ഫിയര്‍’ എന്ന പേരില്‍ അറിയപ്പെടുന്നു. ഉദ്ദേശം 3.2 നാനോമീറ്റര്‍ മാത്രം കനമുളള, രൂക്ഷഗന്ധമുള്ള, മങ്ങിയ നീല നിറത്തിലുളള, മനുഷ്യന് നേരിട്ട് ശ്വസിക്കാന്‍ അനുയോജ്യമല്ലാത്ത ഓസോണ്‍ വാതകം 0.001 ശതമാനം മാത്രമാണ് അന്തരീക്ഷത്തിലുളളത്. മണക്കാനുള്ളത് എന്നര്‍ത്ഥം വരുന്ന ഓസീന്‍ എന്ന ഗ്രീക്ക് പദത്തില്‍ നിന്നാണ് ഓസോണ്‍ എന്ന പദത്തിന്റെ ഉല്‍ഭവം. ഈ നേര്‍ത്ത വാതക പാളിയാണ് അന്തരീക്ഷ പടലത്തില്‍ ഒരു പുതപ്പ് പോലെ ചുറ്റി നിന്ന് സൂര്യനില്‍ നിന്നും വരുന്ന അള്‍ട്രാവയലറ്റ് ഉള്‍പ്പെടെയുളള വിഷ രശ്മികളെ അരിച്ചു മാറ്റി മനുഷ്യനേയും, മറ്റു ജീവജാലങ്ങളേയും സംരക്ഷിച്ചു നിര്‍ത്തുന്നത്. ഈ രക്ഷാകവചത്തിന് ശോഷണം സംഭവിക്കുന്നതായി നാലര പതിറ്റാണ്ട് മുമ്പ് തന്നെ ശാസ്ത്രലോകം മുന്നറിയിപ്പ് നല്‍കിയിരുന്നു. 1974ല്‍ മാരിയോ ജെ മോളിനോ, ഫ്രാങ്ക് ഷെര്‍വുഡ് റോളണ്ട് എന്നിവരാണ് പോള്‍ ജെ.ക്രൂഡ്‌സന്റെ ചില ഗവേഷണങ്ങളുടെ പിന്തുടര്‍ച്ച എന്നോണം ഓസോണില്‍ വിടവ് രൂപപ്പെടുന്നതായി ആദ്യമായി കണ്ടുപിടിച്ചത്.
2000 ത്തിന് ശേഷം ഉപഗ്രഹചിത്രങ്ങളുടെ സഹായത്തോടേയും, ബലൂണ്‍ നീരിക്ഷണങ്ങളിലൂടേയും നടന്ന അന്തരീക്ഷ പഠനങ്ങള്‍ വെളിപ്പെടുത്തിയത് ഓസോണ്‍ നശീകരണ പദാര്‍ത്ഥങ്ങളുടെ (Ozone Depletion Substances, O.D.S ) അമിത സാന്നിധ്യം മൂലം ഓസോണ്‍ കുടയില്‍ ചില പ്രത്യേക സമയങ്ങളില്‍, ചില പ്രത്യേക സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് വലിയ വിളളലുകള്‍ ഉണ്ടാകുന്നു എന്നാണ്. അന്റാര്‍ട്ടിക്കക്ക് മുകളില്‍ ധ്രുവനീര്‍ച്ചുഴി എന്ന വൃത്താകൃതിയിലുളള ശക്തമായ കാറ്റിന്റെ സ്വാധീനഫലമായി പോളാര്‍ സ്ട്രാറ്റോസ്ഫിയറിക് മേഘങ്ങള്‍ ഉണ്ടാകാന്‍ കാരണമാകുകയും വസന്തകാലത്തിന്റെ വരവോടെ അന്തരീക്ഷത്തിലെ ക്ലോറോ ഫ്‌ലൂറോ കാര്‍ബണ്‍ (സി.എഫ്.സി) അള്‍ട്രാവയലറ്റ് രശ്മികളുടെ സാന്നിധ്യത്തില്‍ ക്ലോറിനും ബ്രോമിനുമൊക്കെയായി വിഘടിക്കുകയും ഇങ്ങനെ സ്വതന്ത്രമാകുന്ന ക്ലോറിന്‍ ഓസോണ്‍ പാളിയെ അക്രമിച്ച് ഓസോണ്‍ ശോഷണത്തിന് ഇടയാക്കുകയും ചെയ്യുകയുണ്ടായി. 2006 സെപ്തംബറില്‍ 29.5 ദശലക്ഷം വിസ്തൃതിയില്‍ (ഏകദേശം വടക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തേക്കാള്‍ വലുത് ) ഓസോണ്‍ തുള ഉണ്ടായത് ലോക മന:സാക്ഷിയെ തന്നെ ഞെട്ടിക്കുകയുണ്ടായി. ഓസോണ്‍ ശോഷണം പരിധി വിട്ട് തുടര്‍ന്ന് പോയാല്‍ ഭൂമിയിലെ ജീവന്റെ നിലനില്‍പ്പുതന്നെ ചോദ്യം ചെയ്യപ്പെടുമെന്ന സ്ഥിതി വന്നപ്പോഴാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ പാലിച്ചു തുടങ്ങിയത്.
ഭൂമിയെ ചാരമാക്കി മാറ്റാന്‍ കെല്‍പ്പുളള അള്‍ട്രാവയലറ്റ് ഉള്‍പ്പെടെയുളള വിഷ രശ്മികള്‍ വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്.
മനുഷ്യനില്‍ മാരകങ്ങളായ രോഗങ്ങളാണ് അള്‍ട്രാവയലറ്റ് രശ്മികളുടെ വര്‍ദ്ധന മൂലം ഉണ്ടാവുക. നേത്രരോഗങ്ങള്‍, വിവിധ തരം ത്വക് രോഗങ്ങള്‍, കാന്‍സര്‍, ജനിതകരോഗങ്ങള്‍, അലര്‍ജികള്‍ എന്നിവയും കാലാവസ്ഥ വ്യതിയാനം മൂലം സാംക്രമിക രോഗങ്ങളും വര്‍ധിക്കും. ഡെങ്കിപ്പനി, എലിപ്പനി, ജപ്പാന്‍ ജ്വരം, മലമ്പനി തുടങ്ങിയ രോഗങ്ങള്‍ വ്യാപകമാവും. പുത്തന്‍ മഹാമാരികള്‍ക്ക് പിന്നിലും ഒരു പക്ഷേ കാലാവസ്ഥ വ്യതിയാനമാവാം. പ്രകാശസംശ്ലേഷണം, പുഷ്പിക്കല്‍, പരാഗണം എന്നിവയെ ബാധിക്കുന്നതിനാല്‍ ചെടികളുടെ സര്‍വ്വനാശത്തിന് കാരണമാകും. മുഖ്യ ഭക്ഷ്യ വിളകളായ ഗോതമ്പ്, നെല്ല്, ചോളം എന്നിവയെ വലിയ തോതില്‍ ബാധിക്കുന്നതിനാല്‍ ഭക്ഷ്യപ്രതിസന്ധിയിലേക്ക് ലോകം കൂപ്പുകുത്തും. ഒരു ശതമാനം അള്‍ട്രാവയലറ്റിന്റെ വര്‍ദ്ധനവ് ഭക്ഷ്യോല്‍പ്പാദനത്തില്‍ 10 ശതമാനത്തിന്റെ കുറവുണ്ടാക്കുമെന്നാണ് പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. അനന്തരഫലം ഭക്ഷ്യക്ഷാമവും, ദാരിദ്ര്യവും, സംഘര്‍ഷങ്ങളുമായിരിക്കും. ആഗോള താപനം മൂലം മഞ്ഞുമലകള്‍ ഉരുകാനും സമുദ്രജലവിതാനം കുത്തനെ ഉയര്‍ന്ന് താഴ്ന്ന പ്രദേശങ്ങളെ വിഴുങ്ങാനും കാലമേറെ വേണ്ടി വരില്ല. സമുദ്രതാപനം വര്‍ദ്ധിക്കുന്നതുമൂലം സമുദ്രോപരിതലത്തിലെ ചെറുസസ്യങ്ങളും ജീവികളും നശിക്കുകയും ആവാസവ്യവസ്ഥ തന്നെ തകരുകയും ചെയ്യുമെന്നതിനാല്‍ മല്‍സ്യ ഉല്‍പ്പാദനം ഗണ്യമായി കുറയും. ഇങ്ങനെ നാനാവിധത്തില്‍ അള്‍ട്രാവയലറ്റ് വിഷ രശ്മികള്‍ ഭൂമിയെ നാശോന്മുഖമാക്കും.
ലോക ജനതയുടെ 10 ശതമാനത്തില്‍ താഴെ വരുന്ന അതിസമ്പന്നരുടെ അത്യാഢംബര ജീവിതരീതികള്‍ കൂടിയാണ് ഓസോണ്‍ ശോഷണത്തിന് കാരണം. ക്ലോറോ ഫ്‌ളൂറോ കാര്‍ബണ്‍ പുറന്തളളുന്ന ഉപകരണങ്ങളില്‍ 90 ശതമാനവും ഉപയോഗിക്കുന്നത് വികസിത രാഷ്ട്രമായ അമേരിക്കയും മറ്റ് പശ്ചിമ യൂറോപ്യന്‍ രാജ്യങ്ങളുമാണ്. ഓസോണ്‍ ശോഷണം തിരിച്ചറിഞ്ഞ് 1987 സെപ്തം.16ന് ലോക രാഷ്ട്രത്തലവന്‍മാര്‍ കാനഡയിലെ മോണ്‍ട്രിയലില്‍ ഒത്തുചേര്‍ന്ന് ഓസോണ്‍ പാളിയുടെ സംരക്ഷണത്തിനായി ഒരു ഉടമ്പടി ഒപ്പുവെച്ചു. ഇതിനകം ഇന്ത്യ ഉള്‍പ്പെടെ 203 ലോക രാഷ്ട്രങ്ങള്‍ ഈ ഉടമ്പടിയുടെ ഭാഗമായി കഴിഞ്ഞു.ഈ ഉടമ്പടിയുടെ ഓര്‍മ്മ നിലനിര്‍ത്താന്‍ 1994 മുതല്‍ സെപ്തം.16 ഓസോണ്‍ സംരക്ഷണ ദിനമായി ആചരിച്ചു തുടങ്ങി. 1997ല്‍ ജപ്പാനിലെ ക്യോട്ടോവില്‍ വെച്ച് നടന്ന ലോക ശാസ്ത്ര കൂടിചേരലിന്റെ തീരുമാനപ്രകാരം കാര്‍ബണ്‍ ഡയോക്‌സൈഡ് ഉള്‍പ്പെടെയുളള ഹരിതഗൃഹ വാതകങ്ങളുടെ ഉല്‍പ്പാദനം കുറക്കാന്‍ കൂടിച്ചേരലില്‍ പങ്കെടുത്ത 149 രാജ്യങ്ങള്‍ക്ക് യു.എന്‍ ലക്ഷ്യം നിശ്ചയിച്ചു നല്‍കി. മിക്ക രാജ്യങ്ങളും ഇത് മുഖവിലക്കെടുത്ത് പ്രവര്‍ത്തിച്ചതിന്റെ ഫലമായി ക്ലോറോ ഫ്‌ലൂറോ കാര്‍ബണ്‍ ഉള്‍പ്പെടെയുളള ഹരിതഗൃഹ വാതകങ്ങള്‍ പുറം തളളുന്നതിന്റെ തോത് വലിയ തോതില്‍ കുറഞ്ഞിട്ടുണ്ട്. ഓസോണ്‍ തുളകള്‍ ചെറുതായി വരുന്നു എന്ന ശുഭവാര്‍ത്തയാണ് അന്തിമ പഠനങ്ങള്‍ നല്‍കുന്നത്. Montreal Protocol – Fixing the Ozone layer and reducing climate change എന്നതായിരുന്നു കഴിഞ്ഞ വര്‍ഷത്തെ സന്ദേശമെങ്കില്‍ ഈ വര്‍ഷത്തെ ഓസോണ്‍ , ദിന സന്ദേശം ‘Ozone for Life’ എന്നതാണ്. വിയന്ന, മോണ്‍ട്രിയല്‍ ബ ക്യോട്ടോ ഉടമ്പടി തീരുമാനങ്ങളുടെ ഗുണഫലങ്ങള്‍ കണ്ടു തുടങ്ങിയിരിക്കുന്നു എന്ന ഓര്‍മ്മപ്പെടുത്തല്‍ ഈ സന്ദേശങ്ങള്‍ നമുക്ക് നല്‍കുന്നുണ്ടെങ്കിലും 2015-ലെ പാരിസ് കാലാവസ്ഥ ഉടമ്പടിയിലെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കാന്‍ പല ലോക രാഷ്ട്രങ്ങളും ഇനിയും തയ്യാറായിട്ടില്ല.
പരിസ്ഥിതി സംരക്ഷണത്തിനായി വാതോരാതെ സംസാരിക്കുന്നവരില്‍ ഭൂരിഭാഗവും ആധുനിക ആഢംബരങ്ങള്‍ ഉപേക്ഷിക്കാന്‍ തയ്യാറല്ലാത്തവരാണ്. എനിക്ക് എല്ലാ സൗകര്യങ്ങളും വേണം മറ്റുളളവര്‍ ഇതൊക്കെ ത്യജിച്ച് നാട് നന്നാവട്ടെ എന്ന സ്വാര്‍ത്ഥ ചിന്ത നല്ലതിനല്ല. സ്വന്തം കാലിനടിയിലെ മണ്ണൊലിച്ച് പോകുന്നത് ആര്‍ത്തി മൂത്ത മനുഷ്യന്‍ തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ് ചരിത്രത്തില്‍ ഇല്ലാത്ത വിധമുളള ദുരന്തങ്ങള്‍ നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്. പ്രകൃതിയില്‍ മനുഷ്യന്‍ നടത്തിയ കടന്നാക്രമണങ്ങളെ പ്രകൃതി തന്നെ ചില വികൃതികളിലൂടെ വീണ്ടെടുക്കുന്ന കാഴ്ചയാണ് നാം കാണുന്നത്.
മഹാന്‍മാരായ കാറല്‍ മാര്‍ക്‌സും മഹാത്മാഗാന്ധിയും പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച് നല്‍കിയ സന്ദേശങ്ങള്‍ മുഖവിലക്കെടുത്ത്, പരിസ്ഥിതി ശാസ്ത്രജ്ഞരുടെ പുതിയ നിര്‍ദ്ദേശങ്ങള്‍ മാനിച്ചുള്ള തികച്ചും ശാസ്ത്രീയ അടിത്തറയുളള, പരിസ്ഥിതി സൗഹൃദമായ വികസന പ്രവര്‍ത്തനങ്ങള്‍ ലോകത്താകെ ഉണ്ടാകണം. പരിസ്ഥിതി സംരക്ഷണത്തിലൂന്നിയ ഒരു വികസന സങ്കല്‍പ്പവും ജീവിതരീതിയും നാം സ്വീകരിക്കേണ്ടിയിരിക്കുന്നു. സങ്കുചിത രാഷ്ട്രീയ, സാമ്പത്തിക ലാഭചിന്തകള്‍ക്കു പകരം ഭൂമിയെ കൊല്ലാതിരിക്കുക എന്ന ചിന്ത ലോക രാഷ്ട്ര തലവന്‍മാര്‍ക്കുണ്ടാകേണ്ടിയിരിക്കുന്നു.
ഓസോണ്‍ പാളിയെ സംരക്ഷിച്ച് ഭൂമിയെ സംരക്ഷിച്ച് നമ്മളെത്തന്നെ സംരക്ഷിക്കുന്ന പ്രക്രിയയില്‍ സ്വമനസ്സാലെ പങ്കു ചേരാന്‍ എല്ലാവരും തയ്യാറാവുമെന്നും ഐശ്വര്യപൂര്‍ണ്ണമായ നല്ലൊരു നാളെ ഉണ്ടാവുമെന്നും നമുക്ക് പ്രതീക്ഷിക്കാം…
(ജി.എച്ച്.എസ്.എസ്. ബേത്തൂര്‍പാറയിലെ ജിയോളജി അധ്യാപകനാണ് ലേഖകന്‍)