കൊല്ലം: ആനൂർക്കാവിൽ സ്കൂട്ടർ യാത്രികരായ സ്ത്രീകളെ കാറിടിച്ച് വീഴ്ത്തുകയും തുടർന്ന് ഒരു സ്ത്രീയുടെ ശരീരത്തിലൂടെ വാഹനം കയറ്റി കൊല്ലുകയും ചെയ്തു. സ്കൂട്ടറിനു പിന്നിൽ കാറിടിച്ചാണ് വീഴ്ത്തിയത്. ഇതോടെ സ്കൂട്ടറിലെ സ്ത്രീകൾ റോഡിലേക്ക് വീണു. ഇവരിലൊരാളുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കുകയായിരുന്നു അക്രമി. സംഭവത്തിൽ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിലെത്തിച്ച മൈനാഗപ്പള്ളി പഞ്ഞിപ്പുല്ലുവിള നൗഷാദിൻറെ ഭാര്യ കുഞ്ഞുമോൾ (45) മരിച്ചു. ഞായറാഴ്ച വൈകിട്ട് 5.47നാണ് സംഭവം. കുഞ്ഞുമോൾ കാറിൻറെ മുന്നിലാണ് വീണത്. തലമുടി വീലിൽ കുരുങ്ങിനിലയിലായിരുന്നു. ഓടിക്കൂടിയവർ കാർ എടുക്കരുതെന്ന് അഭ്യർഥിക്കുന്നതിനിടെ ഓടിച്ചയാൾ കാർ യുവതിയുടെ ശരീരത്തിലൂടെ കയറ്റി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാർ വാഹനം പിന്തുടർന്ന് പിടികൂടിയെങ്കിലും ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ടയർ കുഞ്ഞുമോളുടെ കഴുത്തിലൂടെയാണ് കയറിയിറങ്ങിയത്. നാട്ടുകാർ ചേർന്ന് കുഞ്ഞുമോളെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും 9.45-ഓടെ മരണം സ്ഥിരീകരിച്ചു. സ്കൂട്ടർ ഓടിച്ചിരുന്ന ഫൗസിയയ്ക്കും പരുക്കേറ്റിട്ടുണ്ട്. കാർ ഡ്രൈവർ കരുനാഗപ്പള്ളി വെളുത്തമണൽ സ്വദേശിയായ അജ്മൽ ഒളിവിലാണ്. കാറും, കാറിൽ ഉണ്ടായിരുന്ന യുവ വനിത ഡോക്ടറും പൊലീസ് കസ്റ്റഡിയിലാണ്. കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെ ഒരു വനിതാ ഡോക്ടറാണ് കൂടെയുണ്ടായിരുന്നതെന്നാണ് വിവരം. അജ്മലിനായി പൊലീസ് തിരച്ചിൽ തുടരുകയാണ്. ഇയാൾക്ക് ക്രിമിനൽ പശ്ചാത്തലമുള്ളതായാണ് പ്രാഥമിക നിഗമനം.