ഉത്തർപ്രദേശിൽ ബഹുനില കെട്ടിടം തകർന്നു വീണ് 10 പേർക്ക് ദാരുണാന്ത്യം. കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിയ 14 പേരെ രക്ഷപ്പെടുത്തി. ലോഹ്യനഗർ മേഖലയിലെ സാക്കിര്‍ കോളനിയിലുള്ള മൂന്നുനില കെട്ടിടമാണ് തകര്‍ന്നത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ 14 പേരാണ് കുടുങ്ങിക്കിടന്നിരുന്നത്. എല്ലാവരെയും പുറത്തെടുത്തു. അഞ്ചുപേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരിൽ ഒന്നരവയസ്സ് പ്രായമുള്ള പെൺകുഞ്ഞും ഉണ്ട്. രക്ഷപ്പെടുത്തിയവരിൽ അഞ്ചുപേർ പ്രായപൂർത്തിയാകാത്തവരാണ്. ആകെ 24 പേരാണ് കെട്ടിടത്തിലുണ്ടായിരുന്നതെന്നാണ് വിവരമെന്ന് ജില്ലാ മജിസ്ട്രേറ്റ് ദീപക് മീണ അറിയിച്ചു. കനത്ത മഴയിൽ ശനിയാഴ്ച രാത്രിയോടെയാണ് മീററ്റിൽ മൂന്നു നില കെട്ടിടം തകർന്നുവീണത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി തുടരുന്ന കനത്ത മഴയാണ് കെട്ടിടം തകരാൻ കാരണമെന്നാണ് സൂചന. സ്‌നിഫര്‍ നായകളെ ഉപയോഗിച്ചാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലെ മനുഷ്യസാന്നിധ്യം കണ്ടെത്തിയത്. എന്‍ഡിആര്‍എഫ്., എസ്ഡിആര്‍എഫ്., അഗ്നിശമന സേന, പൊലീസ് തുടങ്ങിയവർ സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്. കൂടാതെ, ഉത്തർപ്രദേശിലെ 11 ജില്ലകളിൽ നിലവിൽ വെള്ളപ്പൊക്കമുണ്ട്. കനത്ത മഴയിൽ 17 മരണങ്ങൾ ഉണ്ടായതായി ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു കുടുംബത്തിന് നാല് ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളപ്പൊക്കത്തിൽ 3,056 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. മേഖലയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുകയാണ്.