സ്വര്‍ണമാല വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തിയ മധ്യവയസ്‌കന്‍ ഒരുപവനോളം തൂക്കമുള്ള മാലയുമായി കടന്നു. കര്‍ണാടക കാര്‍ക്കളയിലെ ഉഷാ ലക്ഷ്മി ജ്വല്ലറിയില്‍ കഴിഞ്ഞദിവസം ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. കാര്‍ക്കള കസബ മുരു മാര്‍ഗ ജംക്ഷനു സമീപമുള്ള കുക്കുണ്ടൂര്‍ അമിത് (46) എന്നയാളുടെ ഉടമസ്ഥതയിലുള്ള കടയിലാണ് പട്ടാപ്പകല്‍ മോഷണം നടന്നത്. ജ്വല്ലറിയില്‍ എത്തിയ മധ്യവയസ്‌കന്‍ ഒരു സ്വര്‍ണ്ണ കൊന്തയുള്ള ചെയിന്‍ കാണിക്കാന്‍ ജീവനക്കാരിയോട് ആവശ്യപ്പെട്ടു. ഒരു ചെയിന്‍ പരിശോധിച്ചുകൊണ്ടിരിക്കെ മറ്റൊരു മാല കാണിക്കാന്‍ ആവശ്യപ്പെട്ടു. ജീവനക്കാരി അത് തെരയുന്നതിനിടെ മധ്യവയസ്‌കന്‍ 7.630 ഗ്രാം
തൂക്കമുള്ള മാലയുമായി കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് കടയുടമയുടെ പരാതിയില്‍ കാര്‍ക്കള സിറ്റി പൊലീസ് കേസെടുത്തു. മോഷണത്തിന്റെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിരുന്നു. അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു.