മംഗളൂരു: ഓണാഘോഷം ലക്ഷ്യമാക്കി കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 8.650 കിലോഗ്രാം കഞ്ചാവ്
സിറ്റി ക്രൈംബ്രാഞ്ച് (സിസിബി) പൊലീസ് നടത്തിയ വാഹന പരിശോധനക്കിടെ പിടികൂടി. രണ്ട് ഒഡീഷ സ്വദേശികള്‍ അറസ്റ്റിലായി. ഒഡീഷ ഗജപതി ജില്ലയിലെ പിണ്ടിക്കി പോസ്റ്റിലെ കിര്‍ട്ടിംഗ് ന്യൂ സ്ട്രീറ്റിലെ ബുലുബിറോ (24), മുര്‍ഷിദാബാദിലെ പര്‍ അഷാരിയാദ് ലാല്‍ ഗോല്‍ ചാബി മണ്ഡലിലെ ദില്‍ദാര്‍ അലി (28) എന്നിവരാണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് തലപ്പാടിയില്‍ നടത്തിയ റെയ്ഡിലാണ് ബസില്‍ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടിയത്. ഒഡീഷയില്‍ നിന്ന് കഞ്ചാവ് വാങ്ങി ട്രെയിനില്‍ ബംഗളൂരുവിലേക്ക് കടത്തുകയും തുടര്‍ന്ന് മംഗളൂരു വഴി തലപ്പാടിയിലേക്ക് ബസ് യാത്ര നടത്തുകയുമായിരുന്നുവെന്ന് പ്രതികളുടെ നീക്കമെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
കര്‍ണാടകയിലെയും കേരളത്തിലെയും യുവാക്കളും വിദ്യാര്‍ത്ഥികളുമാണ് അവരുടെ ലക്ഷ്യം. ആഡംബര ജീവിതം നയിക്കാനാണ് മയക്കുമരുന്ന് വില്‍പന നടത്തുന്നതെന്ന് പ്രതികള്‍ പൊലീസിന് മൊഴി നല്‍കി. സംഭവത്തില്‍ ഉള്ളാള്‍ പൊലീസ് കേസെടുത്തു. സിസിബി യൂണിറ്റിലെ എസിപി മനോജ് കുമാര്‍ നായിക്, ഇന്‍സ്‌പെക്ടര്‍ ശ്യാം സുന്ദര്‍ എന്നിവരുടെ നേതൃത്വത്തിലാണ് വാഹന പരിശോധന നടന്നത്.